തോല്‍വിയിലും അവര്‍ ഗാലറിവൃത്തിയാക്കി മടങ്ങി

റോസ്‌തോവ് ഓണ്‍ ഡോണ്‍: 2018 ഫിഫ ലോകകപ്പ് കാണാനെത്തിയ ജപ്പാന്‍ ആരാധകരും താരങ്ങളും ഒരു വലിയ മാതൃകയാണ് സൃഷ്ടിച്ചത്. ഓരോ മല്‍സരങ്ങള്‍ പൂര്‍ത്തിയായ ശേഷവും സ്‌റ്റേഡിയത്തില്‍ തുടരുന്ന ആരാധകര്‍ ഗാലറികള്‍ വൃത്തിയാക്കിയ ശേഷമാണ് മടങ്ങുക. ബെല്‍ജിയത്തിന് എതിരായ മല്‍സരത്തില്‍ സ്വന്തം ടീം 3-2ന് തോല്‍വി ഏറ്റുവാങ്ങി ടൂര്‍ണമെന്റില്‍ നിന്നു പുറത്തായിട്ടും ഈ ശീലത്തിന് ആരാധകര്‍ മാറ്റംവരുത്തിയില്ല. അതേസമയം തന്നെ മല്‍സരശേഷം സ്വന്തം ഡ്രസിങ് റൂം മുഴുവന്‍ വൃത്തിയാക്കിയതിനു ശേഷമാണു ജപ്പാന്‍ താരങ്ങളും ഡ്രസിങ് റൂം വിട്ടത്.
റോസ്‌തോവ് അരീന സ്‌റ്റേഡിയത്തില്‍ തങ്ങള്‍ ഇരുന്ന ഭാഗത്തെ മാലിന്യങ്ങള്‍ ഇവര്‍ വൃത്തിയാക്കി. ജപ്പാന്റെ കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും കാണികള്‍ ഈ പതിവ് തുടര്‍ന്നിരുന്നു. താരങ്ങള്‍ പ്രകടനംകൊണ്ട് കൈയടി നേടിയപ്പോള്‍ ഗാലറി വൃത്തിയാക്കി ആരാധകരും പ്രശംസനേടി. റഷ്യയില്‍ ടൂര്‍ണമെന്റ് കാണാനെത്തിയ ജപ്പാന്‍ ആരാധകര്‍ ഈ ശുചിത്വബോധം സൂക്ഷിച്ച് മറ്റ് ടീമുകളുടെ ആരാധകര്‍ക്ക്  മാതൃകയായി  മാറിയിരുന്നു. ജപ്പാന് പുറമെ സെനഗല്‍ ആരാധകരും ഗാലറി വൃത്തിയാക്കി കൈയടി വാങ്ങിയിരുന്നു.
ഫിഫ കോ-ഓഡിനേറ്റര്‍ പ്രിസില്ല ജെന്‍സെന്‍ ആണ് ജപ്പാന്‍ താരങ്ങള്‍ മല്‍സരശേഷം തങ്ങളുടെ ഡ്രസിങ് റൂം വൃത്തിയാക്കിയിട്ട വിവരം പുറത്തറിയിച്ചത്. മാത്രവുമല്ല റഷ്യന്‍ ഭാഷയില്‍ നന്ദി അറിയിച്ചുകൊണ്ട് ഒരു കുറിപ്പും എഴുതിവച്ചുകൊണ്ടാണ് ജപ്പാന്‍ താരങ്ങള്‍ ഡ്രസിങ് റൂം വിട്ടത്.
Next Story

RELATED STORIES

Share it