ernakulam local

തോരാതെ പെയ്ത മഴ: കൊച്ചി നഗരം വെള്ളത്തിലായി; വന്‍ ഗതാഗതക്കുരുക്ക്

കൊച്ചി: തോരാതെ പെയ്ത മഴയെ തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡുകളും ഇടറോഡുകളും വെള്ളത്തിലായതോടെ വന്‍ഗതാഗതക്കുരുക്കാണ് ഇന്നലെ നഗരത്തില്‍ അനുഭവപ്പെട്ടത്. കനത്ത മഴ വാഹനയാത്രയും കാല്‍നട യാത്രയും ദുരിതത്തിലാക്കി.
വെള്ളത്തില്‍ മുങ്ങിയതിനാല്‍ റോഡുകളിലെ കുഴികളില്‍ കാല്‍നട യാത്രക്കാരും ഇരു ചക്ര വാഹനയാത്രികരും അപകടത്തില്‍പെടുന്ന സ്ഥിതിയുമുണ്ടായി. മാലിന്യം നിറഞ്ഞ കാനകളും പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളും യാത്രക്കാര്‍ക്ക് കൂടുതല്‍ ഭീഷണിയായി. എറണാകുളം നോര്‍ത്ത്, ടൗണ്‍ഹാള്‍ റോഡ്, പരമാര റോഡ്, വീക്ഷണം റോഡ്, ഹൈക്കോടതി ജങ്ഷന്‍, കച്ചേരിപ്പടി, പാലാരിവട്ടം സെന്റ്. ഫ്രാന്‍സിസ് പള്ളി റോഡ്, ജനത റോഡ്, പൈപ്പ്‌ലൈന്‍ ലിങ്ക് റോഡ്, കനോണ്‍ഷെഡ് റോഡ്, ഗോപാലപ്രഭു റോഡ്, കെഎസ്ആര്‍ടിസി പരിസരം, റെയില്‍വേ സ്റ്റേഷന്‍ പരിസരം, കോണ്‍വെന്റ് റോഡ്, കലൂര്‍ ആസാദ് റോഡ്, പോണോത്ത് റോഡ്, കടവന്ത്ര, വൈറ്റില, കളത്തിപ്പറമ്പില്‍ ലെയ്ന്‍, കളത്തിപ്പറമ്പില്‍ ക്രോസ് റോഡ്, തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തേവര, കോന്തരുത്തി റോഡ് എന്നിവടങ്ങളിലും വെള്ളം കയറി.
മണപ്പാട്ടിപറമ്പ് റോഡ്, ശാസ്താ ടെമ്പിള്‍ റോഡ്, പൊറ്റക്കുഴി, എളമക്കര വഴി ഇടപ്പള്ളിയില്‍ എത്തുന്ന റോഡ്, തുടങ്ങിയ റോഡുകളും മുട്ടോളം വെള്ളത്തിലായിരുന്നു. മെട്രോ നിര്‍മാണം നടക്കുന്നയിടങ്ങളിലാണ് ജനം ഏറെ ദുരിതത്തിലായത്. മെട്രോ റെയിലിന്റെ പണിനടക്കുന്നതിനാല്‍ വെള്ളം ഓടയിലേക്കും ഒഴുകിപ്പോവുന്നില്ല.
എറണാകുളത്ത് ഹൈക്കോടതി ജങ്ഷന്‍ മുതല്‍ മേനക വരെയുള്ള റോഡില്‍ വെള്ളംകയറി. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിന്റെ പ്രവേശന കവാടം മുതലുള്ള റോഡില്‍ വെള്ളം നിറഞ്ഞു. നേരത്തെ മഴനിന്ന പകലുകള്‍ കിട്ടിയിട്ടും നഗരത്തിലെ റോഡിലെ വെള്ളക്കെട്ടും കാനകളിലെ തടസങ്ങളും നീക്കാന്‍ കൊച്ചി കോര്‍പറേഷന്‍ തയ്യാറാവാത്തതിനെതിരേ വ്യാപക പ്രതിഷേധവുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയില്‍ ഈ കാനകളിലെ മലിനജലവും മാലിന്യങ്ങളും റോഡിലേക്ക് എത്തിയ സ്ഥിതിയായിരുന്നു. നഗരത്തിലെ ഭൂരിഭാഗവും കാനകള്‍ മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച സ്ഥിതിയിലാണ്.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതാണ് നഗരത്തെ ഇത്തരത്തില്‍ പ്രതിസന്ധിയിലാക്കിയത്. ബ്രോഡ്‌വെയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറിയത് വഴിയോരകച്ചവടത്തെയും ബാധിച്ചു.
പേരണ്ടൂര്‍ റോഡിന്റെ ഭാഗങ്ങളും വെള്ളക്കെട്ടിലമര്‍ന്നു. കലൂര്‍ മാര്‍ക്കറ്റില്‍ ഓടകള്‍ നിറഞ്ഞു കവിഞ്ഞൊഴുകി. ഇതോടെ ഇവിടെ നടക്കാനാവാത്ത സ്ഥിതിയായിരുന്നു.
മഴ കനത്തതോടെ എറണാകുളം ജനറല്‍ ആശുപത്രി പരിസരവും വെള്ളം നിറഞ്ഞു. ഹോസ്പിറ്റല്‍ റോഡില്‍നിന്ന് വെള്ളം ആശുപത്രി വളപ്പിലേക്ക് കയറിയത് ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കി.
Next Story

RELATED STORIES

Share it