Flash News

തോമസ് ചാണ്ടി വിഷയം : നിയമപരമായി നീങ്ങാന്‍ യുഡിഎഫില്‍ ആലോചന



തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ നിയമപരമായി നീങ്ങാന്‍ യുഡിഎഫ് ആലോചിക്കുന്നു. പുറമ്പോക്കു ഭൂമി തോമസ് ചാണ്ടി കൈയേറിയതായി സ്ഥിരീകരിച്ചു ജില്ലാ ഭരണകൂടം നല്‍കിയ റിപോര്‍ട്ട് ചൂണ്ടിക്കാട്ടി മന്ത്രിക്കെതിരേ കോടതിയെ സമീപിക്കാനാണു നീക്കം. തോമസ് ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിക്കാനുള്ള കുറ്റമാണെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോടതി വിഷയത്തില്‍ ഇടപെട്ടാല്‍ അതു സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നാണു യുഡിഎഫ് വിലയിരുത്തല്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതു സംബന്ധിച്ച മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലിയുമായി ചര്‍ച്ച നടത്തി. അതിനിടെ താമസ് ചാണ്ടിക്കെതിരേ കൂടുതല്‍ പരാതികള്‍ ഹൈക്കോടതിയിലെത്തി. വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഭൂപരിഷ്‌കരണ നിയമം ലംഘിച്ചു സ്ഥലം വാങ്ങിയെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി ടി എന്‍ മുകുന്ദനാണു പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. തോമസ് ചാണ്ടി വിഷയത്തില്‍ നിയമവശങ്ങള്‍ പരിശോധിക്കുകയാണെന്നു രമേശ് ചെന്നിത്തല പ്രതികരിച്ചു. തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങണം. സിപിഎമ്മിന്റെ രാഷ്ട്രീയ അഴിമതിയാണു തോമസ് ചാണ്ടിയെ പിന്തുണയ്ക്കുന്നതിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തോമസ് ചാണ്ടിയെപ്പോലുള്ള ധനികരുടെ മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കിയെന്നു വി എം സുധീരന്‍. കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്കും അനുകൂല നിലപാടാണുള്ളത്. അതേസമയം, തോമസ് ചാണ്ടിക്കെതിരേ നടപടി വൈകുന്നതില്‍ സിപിഎമ്മിലും എല്‍ഡിഎഫിലും അതൃപ്തി പുകയുകയാണ്. ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കൈയേറ്റ വിഷയത്തില്‍ ആധികാരികമായി സംസാരിക്കേണ്ടതു സര്‍ക്കാരാണെന്നു ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതു വരെ കാത്തിരിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. ജില്ലാ കലക്ടറുടെ റിപോര്‍ട്ടില്‍ നിയമോപദേശം അധികം വൈകാതെ ലഭിക്കുമെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. റിപോര്‍ട്ടിന്റെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലാണു നിയമോപദേശം തേടിയത്. മുന്‍കാലങ്ങളില്‍ ഇത്തരം റിപോര്‍ട്ടുകളില്‍ നിയമോപദേശം തേടിയില്ലെന്നു കരുതി ഇപ്പോള്‍ നിയമോപദേശം തേടുന്നതില്‍ തെറ്റില്ല. കൈയേറ്റ വിഷയത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗൗരവമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നു മാറ്റിനിര്‍ത്തണമെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ചു സര്‍ക്കാര്‍ തന്നെ തയ്യാറാക്കിയ റിപോര്‍ട്ടില്‍ നടപടി വൈകുന്നതു നീതീകരിക്കാനാവുന്നതല്ല. തോമസ് ചാണ്ടിക്കെതിരായ ആക്ഷേപങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ നിലപാടിനെ കളങ്കപ്പെടുത്തുന്നതാണ്. തോമസ് ചാണ്ടിയെ മാറ്റിനിര്‍ത്തി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സമഗ്ര പരിശോധന നടത്തണം. നിയമ ലംഘനങ്ങള്‍ക്കെതിരായ കര്‍ശന നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it