Flash News

തോമസ് ചാണ്ടി രാജിവച്ചു

തോമസ് ചാണ്ടി രാജിവച്ചു
X


തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ മുഖേനെയാണ് തോമസ് ചാണ്ടി രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്‍സിപി ദേശീയ നേതൃത്വവുമായി നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് മന്ത്രിയുടെ രാജിപ്രഖ്യാപനം. രാജിക്കത്ത് ലഭിച്ചതായും അത് ഗവര്‍ണര്‍ക്ക് അയച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. ഇതോടെ ഒന്നര വര്‍ഷത്തിനിടെ പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. രാജിക്കത്ത് പീതാംബരന്‍ മാസ്റ്റര്‍ക്ക് കൈമാറിയ തോമസ് ചാണ്ടി പിന്നീട് ഔദ്യോഗിക വാഹനത്തില്‍ ആലപ്പുഴയിലേക്ക് പോയി. പാര്‍ട്ടി തീരുമാനം വിശദീകരിക്കാന്‍ പീതാംബരന്‍ മാസ്റ്റര്‍ ഉച്ചക്ക് രണ്ട് മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചിരുന്നു. തല്‍ക്കാലം മാറിനില്‍ക്കാന്‍ താന്‍ തയ്യാറാണെന്നായിരുന്നു തോമസ് ചാണ്ടി യോഗത്തില്‍ പറഞ്ഞത്. തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് സിപിഐ ആയിരുന്നു. തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ യോഗം ബഹിഷ്‌കരിച്ചിരുന്നു. ആരോപണവിധേയനായ മന്ത്രിയെ പുറത്താക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമായാണ് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. തോമസ് ചാണ്ടിക്കൊപ്പം യോഗത്തില്‍ ഇരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ വിട്ടുനില്‍ക്കുന്നതെന്ന് സിപിഐ നേതൃത്വം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ ചന്ദ്രശേഖരനെ അറിയിച്ചു.
കഴിഞ്ഞദിവസം ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. രാജിവക്കുന്നതാണ് ഉചിതമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇന്ന് രാവിലെ ക്ലിഫ് ഹൗസിലെത്തി നടത്തിയ കൂടിക്കാഴ്ചയില്‍ രാജിയാണ് ഉചിതമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്.
Next Story

RELATED STORIES

Share it