Flash News

തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നത് പണക്കൊഴുപ്പിന്റെ പിന്‍ബലത്തിലെന്ന് ചെന്നിത്തല



ആലപ്പുഴ: പണക്കൊഴുപ്പിന്റെ പിന്‍ബലത്തിലാണ് തോമസ് ചാണ്ടി പിണറായി മന്ത്രിസഭയില്‍ തുടരുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബന്ധുനിയമനത്തിന്റെ പേരില്‍ മന്ത്രിയായിരുന്ന ഇ പി ജയരാജനു ലഭിക്കാത്ത നീതിയാണ് കായല്‍ കൈയേറിയ തോമസ് ചാണ്ടിക്കു ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന രാപകല്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കേസുകളെല്ലാം തേച്ചുമായ്ച്ചു കളയാനാണ് ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. കലക്ടര്‍ അന്വേഷിച്ചു റിപോര്‍ട്ട് നല്‍കിയിട്ടുപോലും നടപടിയെടുക്കാന്‍ വിജിലന്‍സോ സര്‍ക്കാരോ തയ്യാറാവുന്നില്ല. മന്ത്രിയുടെ അഴിമതിയായതിനാല്‍ കലക്ടറുടെ മേല്‍ കൂടുതല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം വന്നുകൊണ്ടിരിക്കുകയാണ്. റവന്യൂ മന്ത്രി, വിജിലന്‍സ് എന്നിവര്‍ക്ക് ജനപ്രതിനിധി എന്നനിലയില്‍ പരാതി നല്‍കിയിട്ടും മറുപടി ലഭിച്ചിട്ടില്ല. നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം സംസ്ഥാനത്ത് ഒരു കേസിലും നടക്കുന്നില്ല. കേരളത്തില്‍ ഭരണസ്തംഭനമാണ്. വികസനത്തിന് അവധി പ്രഖ്യാപിച്ച ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ അഞ്ചിന് രാപകല്‍ സമരം നടത്തും. സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖ്യാതിഥിയായിരുന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി അധ്യക്ഷത വഹിച്ചു. അഡ്വ. എം ലിജു, അഡ്വ. ജോണ്‍സണ്‍ എബ്രഹാം, ബി രാജശേഖരന്‍, എ എം നസീര്‍, എ എ ഷുക്കൂര്‍, ശങ്കര നാരായണന്‍, ജി മുകുന്ദന്‍പിള്ള, അബ്ദുല്‍ ലത്തീഫ്,  വിജയന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it