Flash News

തോമസ് ചാണ്ടി : കോട്ടയം വിജിലന്‍സ് എസ്പി അന്വേഷിക്കും



തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. കോട്ടയം വിജിലന്‍സ് എസ്പി ജോണ്‍സണ്‍ ജോസഫിനാണ് അന്വേഷണ ചുമതല. കോടതി ഉത്തരവുപ്രകാരം വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് സംഘത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. തോമസ് ചാണ്ടി നിലം നികത്തി റിസോര്‍ട്ടിലേക്കു റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ നവംബര്‍ അഞ്ചിനാണ് പ്രാഥമികാന്വേഷണം നടത്തി ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ആലപ്പുഴ വലിയകുളം സീറോ ജെട്ടി ഭാഗത്തു നിലം നികത്തി തന്റെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് തോമസ് ചാണ്ടി റോഡ് നിര്‍മിച്ചെന്ന പരാതിയിലാണ് ഉത്തരവ്. ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് പരാതി നല്‍കിയത്. അതേസമയം, ഭൂമികൈയേറ്റം സംബന്ധിച്ച ആരോപണങ്ങളില്‍ മന്ത്രി തോമസ് ചാണ്ടിക്കും സര്‍ക്കാരിനുമെതിരായ ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനമെടുക്കാന്‍ എല്‍ഡിഎഫില്‍ സമ്മര്‍ദമേറി. ഹൈക്കോടതി പരാമര്‍ശത്തോടെ തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന വിലയിരുത്തലിലേക്കാണ് എല്‍ഡിഎഫ് നേതൃത്വം നീങ്ങുന്നത്. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപോര്‍ട്ടിനു പിന്നാലെ കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശം ഉണ്ടായതോടെ മുന്നണി നേതൃത്വം കടുത്ത സമ്മര്‍ദത്തിലാണ്. തെറ്റുകാരെ സംരക്ഷിക്കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ഇതിന്റെ ഭാഗമെന്നാണു സൂചന. എന്നാല്‍, വിഷയത്തില്‍ ഇന്നലെയും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
Next Story

RELATED STORIES

Share it