തോമസ് ചാണ്ടിയുടെ ഹരജി ജനുവരിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി ജനുവരിയിലേക്ക് മാറ്റി. ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നു ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ ഇന്നലെ അപ്രതീക്ഷിതമായി പിന്‍മാറി. ഇതോടെ, ഇനി പുതിയ ബെഞ്ചാവും ജനുവരിയില്‍ ഹരജി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഇന്നലെ കേസ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍, കാരണം വ്യക്തമാക്കാതെ ഖാന്‍വില്‍ക്കര്‍ ഹരജി പരിഗണിക്കുന്നതില്‍ നിന്നു പിന്‍മാറുകയായിരുന്നു. ഇതോടെ, ഹരജി പുതിയ ബെഞ്ച് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, എ എം സപ്രെ എന്നിവരുടെ ബെഞ്ചായിരുന്നു ഹരജി പരിഗണിക്കാനിരുന്നത്. എന്നാല്‍, സപ്രെ മുമ്പാകെ തന്റെ അഭിഭാഷകന്‍ വിവേക് തന്‍ഖ ഹാജരാവുന്നത് ഭിന്നതാല്‍പര്യമാവുമെന്നു ചൂണ്ടിക്കാട്ടിയാണ് തോമസ് ചാണ്ടി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്നാണ് ഹരജി പരിഗണിക്കാനായി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് രൂപീകരിച്ചത്. ഈ ബെഞ്ചില്‍ നിന്നാണ് ഇന്നലെ കാരണം വ്യക്തമാക്കാതെ ഖാന്‍വില്‍ക്കര്‍ പിന്‍വാങ്ങിയത്. അതേസമയം, കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി മറ്റൊരു അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കണമെന്നായിരുന്നു ആ ഹരജിയിലെ ആവശ്യം. എന്നാല്‍, ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ടു തോമസ് ചാണ്ടി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത് കോടതിയലക്ഷ്യമാണെന്നു കേസില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയ സിപിഐ പ്രവര്‍ത്തകന്‍ ടി എന്‍ മുകുന്ദന്‍ കോടതിയെ ബോധിപ്പിച്ചു. തോമസ് ചാണ്ടിയുടെ ഹരജിയില്‍ തടസ്സഹരജി നല്‍കിയ മുകുന്ദന്‍, തന്റെ വാദം കേള്‍ക്കാതെ കേസില്‍ വിധിപറയരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.കായല്‍ കൈയേറ്റ കേസില്‍ ഹൈക്കോടതി ഉത്തരവും ജില്ലാ കലക്ടറുടെ റിപോര്‍ട്ടിന്‍മേലുള്ള നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രിംകോടതിയില്‍ അപ്പീല്‍  നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it