Flash News

തോമസ് ചാണ്ടിയുടെ വെല്ലുവിളി കുറ്റവാളിയുടെ ജല്‍പ്പനം മാത്രം : രമേശ് ചെന്നിത്തല



തിരുവനന്തപുരം: കായല്‍ കൈയേറ്റത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളി ഏറ്റെടുത്തു താന്‍ അവിടെ സന്ദര്‍ശിക്കുകയും കൈയേറ്റം നടന്നുവെന്നു ബോധ്യപ്പെടുകയും ചെയ്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്രിമിനല്‍ കുറ്റം ചെയ്തതിനു മന്ത്രിസ്ഥാനം നഷ്ടപ്പെട്ട് ജയിലില്‍ പോവേണ്ടിവരുമെന്ന വേവലാതി കാരണമാണു തോമസ് ചാണ്ടി വീണ്ടും വീണ്ടും പഴയ വെല്ലുവിളി നടത്തുന്നത്. അത് ഒരു കുറ്റവാളിയുടെ ജല്‍പ്പനമായി കണ്ടാല്‍ മതി. യുഡിഎഫിലെ എംഎല്‍എമാരോടൊപ്പമാണു താന്‍ കായല്‍ കൈയേറിയ സ്ഥലങ്ങളില്‍ ചെന്നത്. മന്ത്രി നഗ്‌നമായ നിയമലംഘനം നടത്തിയത് ബോധ്യപ്പെടുകയും ചെയ്തു. നടപടി സ്വീകരിക്കേണ്ട ജില്ലാ കലക്ടറും അവിടെ സന്ദര്‍ശിച്ചു കൈയേറ്റം കണ്ടെത്തി. രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് കലക്ടര്‍ റിപോര്‍ട്ട് നല്‍കിയത്. ഇതിനപ്പുറം ഇനി എന്ത് അന്വേഷണമാണു വേണ്ടത്. വേറെ തെളിവ് ഇനി എന്തു വേണം. മന്ത്രിക്ക് അന്തസ്സുണ്ടെങ്കില്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതു പോലെ രാജിവച്ച് വീട്ടില്‍ പോവുകയാണു വേണ്ടത്. അന്വേഷണ ഏജന്‍സിക്ക് തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിയില്ലെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനം അധികാരത്തിന്റെ അഹന്തയും ഭീഷണിയുമാണ്. തോമസ് ചാണ്ടിയെ ഒപ്പം കൂട്ടി ജനജാഗ്രതാ യാത്ര നടത്തേണ്ടി വന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരിതാപകരമായ അവസ്ഥയില്‍ സഹതാപം മാത്രമേ ഉള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it