Flash News

തോമസ് ചാണ്ടിയുടെ ആവശ്യം തള്ളി

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: കായല്‍ കൈയേറ്റക്കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. കേസില്‍ ഹൈക്കോടതി വിധിക്കെതിരേയാണ് ചാണ്ടി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
ജസ്റ്റിസ് എ എം സപ്രെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിനു മുമ്പാകെ കേസ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ രജിസ്ട്രാര്‍ക്ക് കത്തു നല്‍കിയത്. ഈ ആവശ്യമാണ് തള്ളിയത്. ഇതോടെ ഹരജി ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, എ എം സപ്രെ എന്നിവരടങ്ങിയ ബെഞ്ച് 11ാം തിയ്യതി പരിഗണിക്കും. കായല്‍ കൈയേറ്റക്കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരേ തോമസ് ചാണ്ടി നല്‍കിയ ഹരജി ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, എ എം സപ്രെ എന്നിവരുടെ ബെഞ്ചായിരുന്നു പരിഗണിക്കാനിരുന്നത്. എന്നാല്‍, സപ്രെ മുമ്പാകെ തന്റെ അഭിഭാഷകന്‍ വിവേക് തന്‍ഖ ഹാജരാവുന്നത് ഭിന്നതാല്‍പര്യമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ചാണ്ടി ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയത്. തുടര്‍ന്ന് ഹരജി പരിഗണിക്കാനായി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് രൂപീകരിച്ചിരുന്നു.
ഡിസംബര്‍ 15ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍, ഈ ബെഞ്ചില്‍ നിന്ന് കാരണം വ്യക്തമാക്കാതെ ഖാന്‍വില്‍ക്കര്‍ പിന്‍വാങ്ങിയതോടെ കേസ് പരിഗണിക്കുന്നത് കോടതി ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. ക്രിസ്മസ് അവധിക്കുശേഷം ജനുവരി നാലിന് തോമസ് ചാണ്ടിയുടെ ഹരജി പരിഗണിക്കുമെന്നായിരുന്നു നേരത്തേ കോടതി വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, നാലാം തിയ്യതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഹരജി ഉള്‍പ്പെടുത്തിയിരുന്നില്ല. അതേസമയം, ഇന്നലെ സുപ്രിംകോടതി രജിസ്ട്രി പുറത്തിറക്കിയ പട്ടികയില്‍ ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, എ എം സപ്രെ എന്നിവരുടെ ബെഞ്ച് 11ാം തിയ്യതി പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിലാണ് തോമസ് ചാണ്ടിയുടെ ഹരജിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ജ. സപ്രെ അടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കുമെന്ന കാര്യം ഉറപ്പായതോടെ തോമസ് ചാണ്ടിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിവേക് തന്‍ഖ തന്നെ ഹാജരാവുമോ എന്ന കാര്യം വ്യക്തമല്ല.
ഹൈക്കോടതി വിധി റദ്ദാക്കണമെന്നും തന്റെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള കലക്ടറുടെ റിപോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍നടപടികളും സ്‌റ്റേ ചെയ്യണമെന്നുമാണ് സുപ്രിംകോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലില്‍ തോമസ് ചാണ്ടി ആവശ്യപ്പെടുന്നത്. കായല്‍ കൈയേറ്റക്കേസില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹരജി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു മന്ത്രിക്കും സ്വന്തം സര്‍ക്കാരിനെതിരേ ഹരജി നല്‍കാനാവില്ലെന്നും സര്‍ക്കാരിനെതിരേ ഹരജി നല്‍കി മന്ത്രിസഭയില്‍ തുടരാനാവില്ലെന്നും അത് നിലവിലുള്ള നിയമവ്യവസ്ഥയുടെ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
മന്ത്രി സര്‍ക്കാര്‍ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കിയതു വഴി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it