Flash News

തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രിയുടെ ശാസന



തിരുവനന്തപുരം: കായല്‍ കൈയേറ്റം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതിനിടെ ഇനിയും കൈയേറ്റം നടത്തുമെന്ന് പരസ്യ വെല്ലുവിളി നടത്തിയ മന്ത്രി തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. മന്ത്രിസഭായോഗത്തിനു ശേഷമാണ് തോമസ് ചാണ്ടിയെ ഓഫിസില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചത്. കഴിഞ്ഞദിവസം ജനജാഗ്രതാ യാത്രയുടെ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തോമസ് ചാണ്ടി ഇനിയും നിലം നികത്തുമെന്ന് വെല്ലുവിളി നടത്തിയിരുന്നു. പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി ചാണ്ടിയെ അറിയിച്ചു. എന്നാല്‍, ശാസനയുടെ കാര്യം മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചില്ല. കായല്‍ കൈയേറ്റം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയതിനിടെയാണ് പ്രകോപിതനായി മന്ത്രി പരസ്യ വെല്ലുവിളി നടത്തിയത്. തനിക്ക് ഇനിയും 42 പ്ലോട്ടുകള്‍ കൂടി മാര്‍ത്താണ്ഡം കായലിലുണ്ട്. അവിടേക്കുള്ള റോഡ് കൂടി മണ്ണിട്ടുനികത്തുമെന്നായിരുന്നു പ്രസ്താവന. തനിക്കെതിരേ ചെറുവിരലനക്കാന്‍ പോലും ഒരു അന്വേഷണ സംഘത്തിനും കഴിയില്ലെന്നും തോമസ് ചാണ്ടി പറഞ്ഞിരുന്നു.എന്നാല്‍, ഇക്കാര്യങ്ങളും കൈയേറ്റം സംബന്ധിച്ച മറ്റു വിവാദങ്ങളും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല. അതേസമയം, തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമയുടെ റിപോര്‍ട്ടില്‍ നിലപാട് കൈക്കൊള്ളുന്നതിനായി ആറിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. നിയമലംഘനം തെളിഞ്ഞാല്‍ തോമസ് ചാണ്ടിയെ സംരക്ഷിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇതുതന്നെയാവും സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും തീരുമാനമെന്നാണ് വിലയിരുത്തല്‍. അതിനിടെ, പരസ്യ വെല്ലുവിളിയുമായി പാര്‍ട്ടിയെയും സര്‍ക്കാരിനെയും തോമസ് ചാണ്ടി പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ ഇനിയും സംരക്ഷിക്കേണ്ടെന്ന നിലപാട് പാര്‍ട്ടി നേതൃത്വത്തിലും ശക്തമായിട്ടുണ്ട്. അതേസമയം, കേസ് നടത്തിപ്പ് ആരെ ഏല്‍പ്പിക്കണമെന്ന് തീരുമാനിക്കാന്‍ അഡ്വക്കറ്റ് ജനറലിന് സ്വാതന്ത്ര്യമുണ്ടെന്ന് നിയമമന്ത്രി എ കെ ബാലന്‍ പറഞ്ഞു. അതുപോലെ രാഷ്ട്രീയപ്രാധാന്യമുള്ള വിഷയങ്ങളില്‍ കേസ് ആരെ ഏല്‍പ്പിക്കണമെന്ന് പറയാനുള്ള അവകാശം വകുപ്പു മന്ത്രിക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it