തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സിന്റെ അന്വേഷണ ഫയല്‍ ഡയറക്ടര്‍ തിരിച്ചയച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ മടക്കിയയച്ചു. അന്വേഷണം അപൂര്‍ണമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഫയല്‍ മടക്കിയത്. നടവഴി മണ്ണിട്ടുയര്‍ത്തിയെന്ന പരാതി മാത്രമല്ല അന്വേഷിക്കേണ്ടത്. തോമസ് ചാണ്ടിക്കെതിരേ ആറു പരാതികളുണ്ട്. ഇവയെല്ലാം അന്വേഷിച്ചശേഷം റിപോര്‍ട്ട് നല്‍കിയാല്‍ മതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. റോഡ് മണ്ണിട്ടുനികത്തി, നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിച്ചു, നീര്‍ച്ചാലുകളുടെ ഗതി മാറ്റി, റോഡിന്റെ ഇരുവശവും അനുമതിയില്ലാതെ മണ്ണിട്ടുനികത്തി, പാര്‍ക്കിങ് ഗ്രൗണ്ടിനായി വയല്‍ മണ്ണിട്ടുനികത്തി തുടങ്ങിയ പരാതികളാണു തോമസ് ചാണ്ടിക്കെതിരേ വിജിലന്‍സിനു ലഭിച്ചിട്ടുള്ളത്. ഇവയെല്ലാം അന്വേഷിച്ചശേഷം വിശദമായ റിപോര്‍ട്ടാണു കോടതിയില്‍ സമര്‍പ്പിക്കേണ്ടതെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍, വിശദമായ അന്വേഷണത്തിന് കോടതിയോട് കൂടുതല്‍ സമയം ചോദിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതേസമയം, ചാണ്ടിക്കെതിരായ കേസില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി 15 ദിവസത്തെ സമയംകൂടി വിജിലന്‍സിന് അനുവദിച്ചു. കേസില്‍ ഉള്‍പ്പെട്ട ആളുകളുടെ മൊഴിയെടുക്കാനുണ്ടെന്ന് വിജിലന്‍സ്, കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോവരുതെന്നും അന്വേഷണസംഘത്തിന് കോടതി നിര്‍ദേശം നല്‍കി. ജനുവരി 4ന് കോടതി റിപോര്‍ട്ട് പരിഗണിക്കും.
Next Story

RELATED STORIES

Share it