Flash News

തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ കേസില്‍ റവന്യൂ മന്ത്രി-എജി പോര് പൊട്ടിത്തെറിയിലേക്ക്



തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ കേസിനെ ചൊല്ലി റവന്യൂ മന്ത്രിയും എജിയും തമ്മിലുള്ള അഭിപ്രായഭിന്നത പൊട്ടിത്തെറിയിലേക്ക്. അഡ്വക്കറ്റ് ജനറലിനെ രൂക്ഷമായി വിമര്‍ശിച്ച റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കേസില്‍ സര്‍ക്കാരിനായി എഎജി ഹാജരാവണമെന്ന നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കി. എജി സര്‍ക്കാരിനു മുകളിലല്ലെന്ന് ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമര്‍ശനവുമായെത്തി. എന്നാല്‍, അഭിഭാഷകനെ മാറ്റിയ നടപടി പുനപ്പരിശോധിക്കില്ലെന്ന് എജി സി പി സുധാകരപ്രസാദും തിരിച്ചടിച്ചു. തോമസ് ചാണ്ടിക്കെതിരായ കേസില്‍ അഡീഷനല്‍ എജി രഞ്ജിത് തമ്പാനാണ് ഹാജരാവേണ്ടിയിരുന്നത്. എന്നാല്‍ എഎജിയെ മാറ്റി സ്റ്റേറ്റ് സോളിസിറ്റര്‍ അഡ്വ. സോഹനെ എജി കേസ് ഏല്‍പിക്കുകയായിരുന്നു. നടപടി വിവാദമായതോടെ അഭിഭാഷകനെ മാറ്റിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി എജിക്ക് കത്തയച്ചു. എന്നാല്‍ എജി കത്ത് തള്ളി. മന്ത്രിയുടെ കത്തിന് ഔദ്യോഗികമായി മറുപടി നല്‍കാത്ത എജി പരോക്ഷമായി മന്ത്രിയെ വിമര്‍ശിക്കുകയും ചെയ്തു. അഭിഭാഷകനെ നിശ്ചയിക്കുന്നത് തന്റെ അധികാരപരിധിയില്‍പ്പെട്ടതാണെന്നു പറഞ്ഞ അഡ്വക്കറ്റ് ജനറല്‍, റവന്യൂ വിഷയങ്ങള്‍ ആരുടെയും തറവാട്ടുസ്വത്തല്ലെന്നും പ്രതികരിച്ചു. ഇതോടെ എജിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി  രംഗത്തുവന്നു. എജി പറഞ്ഞതിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ല. അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ മാറ്റിയതിനെതിരേ താന്‍ നല്‍കിയ കത്തിന് എജി മറുപടി നല്‍കാത്തത് ശരിയായ നിലപാടല്ല. ഈ രീതിയിലാണോ മന്ത്രിയോട് പെരുമാറേണ്ടതെന്ന് എജി ആലോചിക്കണം. എജിക്ക് അതൃപ്തിയുണ്ടെങ്കില്‍ അത് വാര്‍ത്താസമ്മേളനം നടത്തിയല്ല പറയേണ്ടത്. കോടതിയില്‍ കേസ് ഏതുരീതിയില്‍ വാദിക്കണമെന്നത് എജിയുടെ അധികാരമായിരിക്കാം. എന്നാല്‍ റവന്യൂ വകുപ്പിലെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് താനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എജിയുടെ വാദത്തെ നിയമം ചൂണ്ടിക്കാണിച്ചാണ് റവന്യൂ വകുപ്പ് നേരിടുന്നത്. മുന്‍ സര്‍ക്കാരിന്റെ നിയമഭേദഗതിപ്രകാരം സ്റ്റേറ്റ് അറ്റോര്‍ണി സ്വതന്ത്ര സംവിധാനമാണ്. അതുകൊണ്ടുതന്നെ കേസ് സോളിസിറ്ററെ ഏല്‍പിക്കാനുള്ള അധികാരം എജിക്കില്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളില്‍ സാധാരണ എഎജിയാണ് ഹാജരാവാറുള്ളത്. ചാണ്ടി കേസില്‍ സര്‍ക്കാര്‍ഭാഗം നിര്‍ണായകമാണെന്നിരിക്കെ റവന്യൂ കേസുകളിലെ പരിചയസമ്പത്ത് പരിഗണിച്ച് രഞ്ജിത് തമ്പാനെ തന്നെ കേസ് ഏല്‍പിക്കണമെന്നാണ് റവന്യൂ വകുപ്പിന്റെ ആവശ്യം. എന്നാല്‍ ഈ കീഴ്‌വഴക്കം ലംഘിച്ച് മറ്റൊരു അഭിഭാഷകനെ നിയോഗിച്ചത് കേസ് ദുര്‍ബലമാക്കാനാണെന്നാണ് സിപിഐയുടെ സംശയം. അഡ്വക്കറ്റ് ജനറലിന്റെ അധികാരം സര്‍ക്കാരിനേക്കാള്‍ മുകളിലല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തൊടുപുഴയില്‍ മീറ്റ് ദ പ്രസില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കണോ എന്നു മനസ്സിലാവാന്‍ എജി ഭരണഘടനയുടെ 165ാം വകുപ്പിലെ ഒന്ന്, രണ്ട്, മൂന്ന് അനുച്ഛേദം വായിച്ചാല്‍ മതിയാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, എജിയുടെ നിലപാടുകളെ മുഖ്യമന്ത്രിയുടെ ഓഫിസ് സ്വാധീനിച്ചിട്ടുണ്ടെന്ന ആരോപണം കാനം രാജേന്ദ്രന്‍ തള്ളി.
Next Story

RELATED STORIES

Share it