തോമസ് ചാണ്ടിക്കെതിരായ കേസ് തിങ്കളാഴ്ചത്തേക്കു മാറ്റി

കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടി ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മിച്ചെന്ന കേസ് കോട്ടയം വിജിലന്‍സ് കോടതി ഈ മാസം ഏഴിനു പരിഗണിക്കും. കേസ് ഇന്നലെ പരിഗണിച്ച കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി വി ദിലീപാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. വിജിലന്‍സ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോവാന്‍ അനുവദിക്കരുതെന്നും പരാതിക്കാരനായ സുഭാഷ് എം തീക്കാടന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതിനിടെ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലു മാസത്തെ സമയം കൂടി ആവശ്യപ്പെട്ട് അന്വേഷണ സംഘവും അപേക്ഷ നല്‍കി.
ഹരജിക്കാരന്റെയും വിജിലന്‍സിന്റെയും അപേക്ഷകള്‍ കോടതി തിങ്കളാഴ്ച പരിഗണിക്കും. റിസോര്‍ട്ടിലേക്ക് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കഴിഞ്ഞ ജനുവരി നാലിനാണു കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റിന് നിര്‍ദേശം നല്‍കിയിരുന്നു.
കോടതി നിര്‍ദേശിച്ച സമയപരിധി ഏപ്രില്‍ 19ന് അവസാനിച്ചിരുന്നു. തുടര്‍ന്നാണ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലു മാസത്തെ സാവകാശം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോവാനുള്ള ശ്രമമാണു വിജിലന്‍സ് നടത്തുന്നതെന്നു പരാതിക്കാരനായ സുഭാഷ് എം തീക്കാടന്‍ ആരോപിച്ചു. കോടതി നിര്‍ദേശിച്ച മൂന്നുമാസം സമയപരിധി പിന്നിട്ടിട്ടും പരാതിക്കാരനായ തന്റെ മൊഴി പോലും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it