kasaragod local

തോമസ് കാപ്പന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ മാനുവല്‍ കാപ്പന്റെ മകന്‍ തോമസ് എം കാപ്പന്‍ മലപ്പുറം ചങ്ങരങ്കുളത്ത് വാഹനാപകടത്തില്‍ മരണപ്പെട്ട കേസിന്റെ എഫ്‌ഐആര്‍ ഉള്‍പ്പെടെ റദ്ദാക്കിയ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നും ഇപ്പോള്‍ നല്‍കിയവരുടെ മൊഴിയും ദൃക്‌സാക്ഷിമൊഴികളും മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
കേസില്‍ കൃത്രിമം കാണിച്ച ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് എസ്‌ഐ ഉള്‍പ്പെടെയുള്ള കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ വകുപ്പ് തലത്തില്‍ കര്‍ശനമായ നടപടി കൈക്കൊള്ളാന്‍ ഡിജിപിക്ക് നേരിട്ട് നിര്‍ദ്ദേശവും നല്‍കി.
കഴിഞ്ഞ ഡിസംബര്‍ 31ന് മലപ്പുറം ചങ്ങരംകുളം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കാളച്ചാലില്‍ മണല്‍ലോറി കാറിനിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട തോമസ് എം കാപ്പനെ പ്രതിയാക്കി പോലിസ് കേസെടുത്തതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാനുവല്‍ കാപ്പന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കേസിന്റെ വിധിയില്‍ ലോക്കല്‍ പോലിസിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.
പോലിസിന്റെ അന്വേഷണം സത്യസന്ധമായിരുന്നില്ലെന്നും നിഗമനങ്ങള്‍ പലതും കെട്ടിച്ചമച്ചതാണെന്നും  സുപ്രധാന രേഖകളെല്ലാം തിരുത്തുകയോ വ്യാജമായി ഉണ്ടാക്കുകയോ ചെയ്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it