Alappuzha local

തോപ്പില്‍ ഭാസിയുടെ ഓര്‍മകള്‍ക്ക് കാല്‍ നൂറ്റാണ്ട്

ആലപ്പുഴ: അരികുവല്‍കരിക്കപ്പെട്ടവരുടെ ആത്മസംഘര്‍ഷങ്ങള്‍ അസ്വസ്ഥമാക്കിയ ജീവിതമായിരുന്നു തോപ്പില്‍ ഭാസിയുടേത്. നാടകത്തിലും സിനിമയിലും ജീവിതത്തിലും ആ അസ്വസ്ഥതകളാണ് അദ്ദേഹത്തെ നയിച്ചിരുന്നത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും അശ്വമേധവും സര്‍വേക്കല്ലും മുടിയനായ പുത്രനുമൊക്കെ ആ അസ്വസ്ഥതയുടെ സൃഷ്ടികളാണ്.1924 ഏപ്രില്‍ 8ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നം  ഗ്രാമത്തിലാണ് തോപ്പില്‍ ഭാസി എന്ന ഭാസ്‌കരന്‍ പിള്ള ജനിച്ചത്. അച്ഛന്‍ പരമേശ്വരപിള്ള, അമ്മ നാണിക്കുട്ടിയമ്മ. വിദ്യാഭ്യാസ കാലത്തു തന്നെ സാമൂഹിക പ്രവര്‍ത്തനത്തില്‍ തല്‍പരനായിരുന്നു ഭാസി. ആയുര്‍വേദ കോളജില്‍ പഠിക്കുന്ന സമയത്ത് വിദ്യാര്‍ഥികോണ്‍ഗ്രസ്സില്‍ അംഗമായിരുന്നു. അന്ന് ഭാസിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി സമരത്തിലൂടെ പല ആവശ്യങ്ങളും അധികൃതരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. പഠനശേഷം കോണ്‍ഗ്രസ്സില്‍ അംഗമായി  കര്‍ഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ച ഭാസി പുന്നപ്രവയലാര്‍ സമരത്തോടെ കോണ്‍ഗ്രസ്സില്‍ നിന്നും അകന്ന് കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയില്‍ അംഗമായി. കര്‍ഷകത്തൊഴിലാളി രംഗത്തെ പ്രവര്‍ത്തനം  അരികുവല്‍കരിക്കപ്പെട്ടവരുടെ ജീവിതയാതനകള്‍ അദ്ദേഹത്തിന് മുമ്പില്‍ പച്ചയായി തുറന്നിട്ടു. അവരുടെ ജീവിതത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന അധീശ ശക്തികളോട് സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചതിന് അദ്ദേഹത്തിന് അന്നത്തെ ഭരണകൂടം നല്‍കിയത് ശൂരനാട് കലാപകേസിലെ പ്രതിസ്ഥാനമായിരുന്നു. ഭാസിയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ആയിരം രൂപ ഇനാം പ്രഖ്യാപിക്കുന്നതില്‍വരെ കാര്യങ്ങളെത്തി. ഭൂവുടമകള്‍ക്കെതിരേ കര്‍ഷകതൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ സമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസില്‍ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഭാസി എഴുതുന്നത്. സോമന്‍ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത്. കെപിഎസി എന്ന പ്രസ്ഥാനം കേരളീയന്റെ പതിവ് അടയാളങ്ങില്‍ ഒന്നായി മാറിയത് ആ നാടകത്തോടെ ആയിരുന്നു. പിന്നീടിങ്ങോട്ട് മലയാള നാടക വേദിയിലേയും മലയാള ചലചിത്ര രംഗത്തിലേയും ഒന്നാമന്മാരില്‍ ഒരാളായി അദ്ദേഹം മാറി. അധസ്ഥിതന്റെയും അരികുവല്‍കരിക്കപ്പെട്ടവന്റേയും ജീവിതമായിരുന്നു അദ്ദേഹത്തിന്റെ നാടക സിനിമാ പ്രവര്‍ത്തനങ്ങളുടെ ഉറവവറ്റാത്ത സ്രോതസ്സായി മാറിയത്. അതുകൊണ്ടാവണം  സംഘപരിവാര കര്‍മസേവകരുടെ അഴുക്കു മുഷ്ടികളാല്‍ ബാബരി മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ന്നു വീണു രണ്ടു നാള്‍ തികയും മുമ്പ് 1992 ഡിസംബര്‍ എട്ടിന് അദ്ദേഹവും അരങ്ങൊഴിഞ്ഞത്. ഇന്ത്യന്‍ മതേതരത്വത്തിന്റെ  ഹൃദയത്തില്‍ നിന്നൊഴുകിയ ചുടുകണ്ണീര്‍, ഒരു ജീവിതം മുഴുവന്‍ അധീശശക്തികള്‍ക്കെതിരേ നിര്‍ഭയം നീങ്ങിയ ആ മനസ്സിനെ നിശ്ചയമായും ചുട്ടു പൊള്ളിച്ചിരുന്നിരിക്കണം.
Next Story

RELATED STORIES

Share it