wayanad local

തോട് നികത്തിയും മണ്ണിടിച്ചുംക്വാറിയിലേക്ക് റോഡ് നിര്‍മാണം

മാനന്തവാടി: വാളാരംകുന്നില്‍ അനുമതിയില്ലാതെ കരിങ്കല്‍ ക്വാറിയിലേക്ക് റോഡ് നിര്‍മാണം. ഇനിയും അളന്നു വേര്‍തിരിക്കാത്ത റവന്യൂ ഭൂമിയുള്ളതായി പരാതിയുള്ള വെള്ളമുണ്ട വില്ലേജിലെ 622 ഒന്ന് എ സര്‍വേ നമ്പറില്‍പെട്ട ഭൂമിയിലാണ് സ്വകാര്യ വ്യക്തി കുന്നിടിച്ച് റോഡ് നിര്‍മിക്കുന്നത്. ഈ സര്‍വേ നമ്പറിലുള്ള 956.81 ഏക്കര്‍ ഭൂമിയില്‍ 593.62 ഏക്കറിനാണ് പട്ടയം നല്‍കിയത്. ബാക്കി ഭൂമിയെക്കുറിച്ച് ഇപ്പോഴും ലാന്റ് ട്രൈബ്യൂണലില്‍ പരാതി നിലനില്‍ക്കുന്നുണ്ട്. മലയില്‍ നിന്നുല്‍ഭവിക്കുന്ന തോട്ടില്‍ മണ്ണിട്ടു നികത്തിയും മരങ്ങള്‍ അനുമതിയില്ലാതെ മുറിച്ചുമാറ്റിയുമാണ് റോഡ് നിര്‍മാണം നടക്കുന്നതെന്നും പരാതിയുണ്ട്. നേരത്തെ ക്വാറിയിലേക്കുണ്ടായിരുന്ന റോഡ് തകരുകയും ഇതുവഴി ടിപ്പറുകള്‍ കടന്നുപോവുന്നതിനെതിരേ ആദിവാസികള്‍ രംഗത്തുവരികയും ചെയ്തതോടെയാണ് ക്വാറിയിലേക്ക് മാത്രമായി റോഡ് നിര്‍മാണം ആരംഭിച്ചത്. രാപ്പകല്‍ വ്യത്യാസമില്ലാതെ കുന്നിടിച്ച് മണ്ണ് നീക്കിയാണ് 200 മീറ്ററിലധികം ദൂരം റോഡ് നിര്‍മിക്കുന്നത്. നേരത്തെ നിര്‍മിച്ച റോഡില്‍ മലയില്‍ നിന്നൊഴുകിയെത്തുന്ന തോടിന് കുറുകെയുള്ള കള്‍വര്‍ട്ട് തോട് കൈയേറിയാണ് നിര്‍മിച്ചതെന്നും പരാതിയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന റോഡ് നിര്‍മാണത്തിനായി യാതൊരു അനുമതിയും സ്ഥലമുടമ നേടിയിട്ടില്ല. അവധി ദിവസങ്ങളില്‍ പോലും ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണിടിച്ചാണ് റോഡ് നിര്‍മിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന വന്‍മരങ്ങളും അനുമതിയില്ലാതെ മുറിച്ച് കടത്തിക്കൊണ്ടു പോവുകയും ചെയ്യുന്നുണ്ട്. റോഡിനായി ഹിറ്റാച്ചി ഉപയോഗിച്ചെടുക്കുന്ന മണ്ണ് വ്യാപകമായി തൊട്ടടുത്ത നീര്‍ച്ചാലിലേക്കിറങ്ങി താഴ്ഭാഗത്തുള്ളവരുടെ കുടിവെള്ളം മുട്ടിക്കുന്നതായും പരാതിയുണ്ട്. തോട്ടിലേക്ക് മണ്ണിറങ്ങാതിരിക്കാനുള്ള മുന്‍കരുതലൊന്നുമില്ലാതെയാണ് മണ്ണെടുപ്പ്. ആലക്കണ്ടി, മൊതക്കര ഭാഗങ്ങളിലെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ നീര്‍ച്ചാലിനെയാണ്. മലമുകളിലുള്ള പാറഖനനവും ഭൂമിയുടെ തരംമാറ്റലും കാരണം സ്വാഭാവിക നീരുറവകള്‍ ശോഷിച്ചു വരുന്നതിനിടെയാണ് തോട്ടിലേക്ക് മണ്ണൊലിച്ചിറങ്ങുന്ന വിധത്തിലുള്ള റോഡ് നിര്‍മാണം നടക്കുന്നത്. ഇതുസംബന്ധിച്ച് പ്രദേശത്തെ ആദിവാസി കുടുംബങ്ങള്‍ സബ് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it