Kottayam Local

തോട്ടുവായില്‍ അനധികൃത മണ്ണെടുപ്പ് തടഞ്ഞു

കുറവിലങ്ങാട്: ജിയോളജി വകുപ്പും ഗ്രാമപ്പഞ്ചായത്തും ഒത്തുകളിച്ച് തോട്ടുവായില്‍ പരിസ്ഥിതി പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശം ഇടിച്ചുനിരത്തിയുള്ള മണ്ണെടുപ്പ് നാട്ടുകാര്‍ തടഞ്ഞു. നേതൃത്വം നല്‍കിയവരെ വധിക്കുമെന്ന് മണ്ണു മാഫിയയുടെ ഭീഷണി.
യുഡിഎഫ് നിയന്ത്രണത്തിലുള്ള പഞ്ചായത്തും റവന്യു, ജിയോളജി വകുപ്പുകള്‍ ഒത്തുചേര്‍ന്നുള്ള മണ്ണു ഖനനം രണ്ടാഴ്ച പിന്നിട്ടതോടെയാണ് തദ്ദേശവാസികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആയിരത്തിലധികം ലോഡ് മണ്ണാണ് ആലപ്പുഴ ജില്ലയിലേക്കു കടത്തിക്കൊണ്ടുപോയത്. എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്ത് മണ്ണെടുപ്പിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ നിരോധനം ലംഘിച്ച് മണ്ണെടുപ്പ് നടത്താനൊരുങ്ങിയ ഘട്ടത്തില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി എസ് രമാദേവിയുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ സ്ഥലത്തെത്തി തടഞ്ഞതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഖനനമാണ് പുതിയ പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ പുനരാരംഭിച്ചത്. തദ്ദേശവാസികളെ അനുനയിപ്പിക്കാനായി മണ്ണെടുക്കുന്ന പ്രദേശത്തിന്റെ അയല്‍വാസികള്‍ രണ്ടുപേരുടെ പേരില്‍ ഒന്നര ലക്ഷത്തോളം രൂപ മണ്ണു മാഫിയ നിക്ഷേപിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്.
മുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോലി നോക്കിയിരുന്ന ബാങ്കിലാണ് പണം നിക്ഷേപിച്ചതെന്നാണ് പുറത്തുവന്ന രേഖകള്‍ വെളിപ്പെടുത്തുന്നത്. നാട്ടുകാര്‍ ഖനനത്തിനെതിരേ രംഗത്തുവന്നതോടെ റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ജിയോളജി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സംഘടിപ്പിച്ച പാസിന്റെ മറവിലായിരുന്നു മണ്ണ് കടത്ത്. സിപിഎം എരിയാ കമ്മിറ്റിയംഗം അഡ്വ. കെ കെ ശശികുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്തെത്തി നിയമംലംഘിച്ചുള്ള മണ്ണെടുപ്പ് അനുവദിക്കില്ലെന്ന് അറിയിച്ചു.
Next Story

RELATED STORIES

Share it