kozhikode local

തോട്ടവിളകള്‍ക്ക് കീടരോഗബാധ വ്യാപകം

കോഴിക്കോട്: ജില്ലയുടെ മലയോര മേഖലകളില്‍, പ്രത്യേകിച്ച് കുന്നുമ്മല്‍ ബ്ലോക്കില്‍പെട്ട കാവിലുംപാറ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് ഭാഗങ്ങളില്‍, ഗ്രാമ്പൂ കൃഷിക്കും ജാതി കൃഷിക്കും ഭീഷണി ഉയര്‍ത്തിക്കൊണ്ട് കീടബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൃഷി വകുപ്പും ഐഐഎസ്ആര്‍ലെയും കെവികെയിലേയും ശാസ്ത്രജ്ഞന്‍മാരും സംയുക്തമായി ഫീല്‍ഡ് സര്‍വ്വെ നടത്തുകയും ഒരിനം തണ്ടു തുരപ്പന്‍ വണ്ടിന്റെ ആക്രമണം നിമിത്തമാണ് മരങ്ങള്‍ ഉണങ്ങിയത് എന്നും കണ്ടെത്തുകയുണ്ടായി. ഈ കീടബാധ പ്രധാനമായും ഗ്രാമ്പൂ, ജാതി, കൊക്കോ എന്നിവയിലും കൂടാതെ പ്ലാവിലും കണ്ടെത്തുകയുണ്ടായി.ശാസ്ത്രജ്ഞരും, കൃഷി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കര്‍ഷകരുമടങ്ങുന്ന സംഘം കാവിലുംപാറ മേഖലയിലെ കീടബാധ വിലയിരുത്തി. തൊട്ടില്‍പാലം, കാവിലുംപാറ മേഖലകളില്‍ തെങ്ങിന്റെ കൂമ്പുചീയല്‍ രോഗവും ഈ സമയത്ത് കൂടുന്നതായി കര്‍ഷകര്‍ അറിയിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായി പെയ്ത കനത്ത മഴയും അതു നിമിത്തമുണ്ടായ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും രോഗ കീട വ്യാപനത്തിന് കാരണമായെന്നും, ഈ സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു .തണ്ടു തുരപ്പന്‍ കീടബാധയുടെ ലക്ഷണമായി വൃക്ഷങ്ങളുടെ തടിയില്‍ തുളകളും, പുഴുക്കള്‍ ചവച്ചുതുപ്പിയ ചണ്ടിയും കാണുമ്പോള്‍ തന്നെ തുളകള്‍ വൃത്തിയാക്കി കോള്‍ ടാര്‍ അല്ലെങ്കില്‍ ചെളിയുമായി ചേര്‍ത്തു കുഴച്ച വേപ്പെണ്ണ തടിയില്‍ തേച്ചുപിടിപ്പിക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. തോട്ടങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിനായി രോഗ കീട ബാധ നിമിത്തം നശിച്ച മരങ്ങളും ഉണങ്ങിയ കമ്പുകളും ശേഖരിച്ച് തീ കത്തിച്ച് നശിപ്പിക്കണം. കൂടാതെ തോട്ടത്തില്‍ വളരുന്ന ശീമക്കൊന്നയുടെ ഉണങ്ങിയ ശിഖരങ്ങള്‍, കളയായി വളരുന്ന പെരിയിലം, മറ്റു കളച്ചെടികള്‍ എന്നിവ കീടത്തിന് പെറ്റുപെരുകുവാന്‍ സാഹചര്യം ഒരുക്കുന്നതിനാല്‍ അത്തരം ചെടികള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യണം. കീടബാധ വ്യാപിക്കുന്നത് തടയാനായി ജില്ലയുടെ ഏതെങ്കിലും ഭാഗങ്ങളില്‍ ഗ്രാമ്പൂ, ജാതി, കൊക്കോ, പ്ലാവ് മുതലായ ദീര്‍ഘകാല വിളകളില്‍ രോഗ കീട ബാധ നിമിത്തം ഉണക്കം ബാധിച്ചത് കണ്ടാല്‍ ഉടന്‍തന്നെ തൊട്ടടുത്തുള്ള കൃഷി ഭവനില്‍ ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it