തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മേയറായി തോട്ടത്തില്‍ രവീന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. വി കെ സി മമ്മദ്‌കോയ ബേപ്പൂരില്‍ നിന്ന് എംഎല്‍എയായതിനു ശേഷം മേയര്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവച്ചതിനെത്തുടര്‍ന്നാണു വീണ്ടും മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്.
ഇന്നലെ രാവിലെ 11ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ അധ്യക്ഷതയിലാണു മേയര്‍ തിരഞ്ഞെടുപ്പ് നടത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തോട്ടത്തില്‍ രവീന്ദ്രന്റെ പേര് പി സി രാജനാണു നിര്‍ദേശിച്ചത്. ആശാ ശശാങ്കന്‍ പിന്താങ്ങി.
യുഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. പി എം സുരേഷ് ബാബുവിന്റെ പേര് സി അബ്ദുര്‍റഹ്മാന്‍ നിര്‍ദേശിച്ചു. അഡ്വ. തോമസ് മാത്യു പിന്താങ്ങി. ഇത്തവണ ബിജെപിയും മേയര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. എന്‍ സതീഷ് കുമാറിനെ ബിജെപി സ്ഥാനാര്‍ഥിയായി നമ്പിടി നാരായണന്‍ നിര്‍ദേശിച്ചപ്പോള്‍ ഇ പ്രശാന്ത് കുമാര്‍ അദ്ദേഹത്തെ പിന്താങ്ങി. മേയര്‍ സ്ഥാനത്തിനായി കോഴിക്കോട് നഗരസഭ ത്രികോണമല്‍സരത്തിനും സാക്ഷിയായി. 46 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോട്ടത്തില്‍ രവീന്ദ്രന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 47 കൗണ്‍സിലര്‍മാരാണ് എല്‍ഡിഎഫിന് നഗരസഭയില്‍ ഉള്ളത്. എല്‍ഡിഎഫ് കൗണ്‍സിലര്‍ അനിതാ രാജന്‍ ഇന്നലെ അവധിയായിരുന്നു. അരീക്കാട് വികെസി രാജിവച്ചതിനു ശേഷം പുതിയ കൗണ്‍സിലറെ തിരഞ്ഞെടുത്തിട്ടുമില്ല.
യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി എം സുരേഷ് ബാബുവിന് 19 വോട്ടുകളാണു ലഭിച്ചത്. യുഡിഎഫ് കൗണ്‍സിലര്‍ കിഷന്‍ചന്ദ് അവധിയിലായിരുന്നു. ബിജെപി സ്ഥാനാര്‍ഥിക്ക് ആറു വോട്ടും ലഭിച്ചു. അവരുടെ കൗ ണ്‍സിലര്‍ നവ്യ ഹരിദാസ് വോട്ടെടുപ്പില്‍ പങ്കെടുത്തിട്ടില്ല.
ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് തോട്ടത്തില്‍ രവീന്ദ്രന് സത്യവാചകം ചൊല്ലിക്കൊടുത്തു. കോഴിക്കോട് നഗരസഭയുടെ 26ാമത് മേയറായാണു തോട്ടത്തില്‍ രവീന്ദ്രന്‍ സ്ഥാനമേല്‍ക്കുന്നത്. 2000-2005ലാണ് അദ്ദേഹം നേരത്തെ മേയറായത്. 1998ല്‍ അന്നത്തെ മേയര്‍ എ കെ പ്രേമജം എംപിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രണ്ടു മാസം തോട്ടത്തില്‍ രവീന്ദ്രന്‍ മേയറായിരുന്നു. അഞ്ചാംതവണയാണ് കോര്‍പറേഷന്‍ ഭരണസമിതി അംഗമാവുന്നത്. ഭാര്യ: വല്‍സല, മക്കള്‍: വിഷ്ണു, ലക്ഷ്മി.
Next Story

RELATED STORIES

Share it