തോട്ടം മേഖലയില്‍ വീണ്ടും അസ്വസ്ഥത പടരുന്നു; വര്‍ധിപ്പിച്ച കൂലിയും ബോണസും നല്‍കാനാവില്ലെന്ന് ഉടമകള്‍

തിരുവനന്തപുരം: പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ നിര്‍ണായക യോഗം ഇന്നു നടക്കാനിരിക്കെ സമ്മര്‍ദ്ദതന്ത്രവുമായി തോട്ടം ഉടമകള്‍ രംഗത്ത്. തോട്ടംതൊഴിലാളികളുടെ വര്‍ധിപ്പിച്ച കൂലിയും ബോണസും നല്‍കാനാവില്ലെന്ന് തോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള വ്യക്തമാക്കി.
പിഎല്‍സി യോഗത്തിലുണ്ടായ നിര്‍ദേശങ്ങള്‍ അംഗീകരിച്ചത് തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സഹായിക്കാനായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉറപ്പുനല്‍കിയ സഹായങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും തൊഴില്‍മന്ത്രിക്കും ലേബര്‍ കമ്മീഷണര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു.
തേയിലത്തൊഴിലാളികളുടെ മിനിമം കൂലി 232ല്‍ നിന്ന് 301 രൂപയും റബര്‍മേഖലയില്‍ 317ല്‍ നിന്ന് 381 ആയും ഏലത്തിന് 267ല്‍ നിന്ന് 330 ആയും ഉയര്‍ത്താനായിരുന്നു കഴിഞ്ഞ പിഎല്‍സി യോഗത്തിലെ ധാരണ. കൂലിവര്‍ധനയും ബോണസും സംബന്ധിച്ച് സര്‍ക്കാരുമായുണ്ടാക്കിയ ധാരണയില്‍നിന്ന് ഉടമകള്‍ പിന്നോട്ടുപോവുന്ന സാഹചര്യത്തില്‍ തോട്ടംമേഖലയില്‍ വീണ്ടും അസ്വസ്ഥത പടരുകയാണ്.
റബറിനും തേയിലയ്ക്കും വിലയിടിവുണ്ടായതിനാല്‍ കൂലിവര്‍ധനയും ബോണസും പ്രായോഗികമല്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് വിനയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വിലവര്‍ധനയുണ്ടാവാതെ കൂലി കൂട്ടാനാവില്ല. തേയില കിലോയ്ക്ക് 120ഉം റബറിന് 150ഉം രൂപയെങ്കിലും ലഭിക്കണം. അതുവരെ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വര്‍ധന അംഗീകരിക്കില്ല. ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായങ്ങള്‍ ലഭിക്കണം. എന്നാല്‍, നികുതിയിളവിന്റെ കാര്യത്തിലും തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ ഏറ്റെടുക്കുന്ന കാര്യത്തിലും സര്‍ക്കാരില്‍നിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ല. നിലവിലെ കൂലിവര്‍ധന അംഗീകരിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി ഇന്ന് വീണ്ടും പിഎല്‍സി യോഗം ചേരുന്നത്.
സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ അതിന്റേതായ വഴിക്ക് സര്‍ക്കാരിന് മുന്നോട്ടുപോവാം. കൂലി വര്‍ധിപ്പിക്കാത്തതിന്റെ പേരില്‍ ഇനിയും സമരമുണ്ടായാല്‍ നേരിടും. നേരത്തേ തൊഴിലാളികളുടെ 28 ദിവസത്തെ സമരത്തെ തുടര്‍ന്ന് വന്‍നഷ്ടമാണുണ്ടായത്. കൃത്യസമയത്ത് കൊളുന്ത് നുള്ളാത്തതിനാല്‍ തേയിലച്ചെടികള്‍ നശിച്ചുപോയി. കമ്പനികളുടെ അവസ്ഥ തൊഴിലാളികള്‍ക്കും യൂനിയനുകള്‍ക്കും നേരിട്ടറിയാവുന്നതാണ്.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന കൂലികൊടുത്താല്‍ പല തോട്ടങ്ങളും പൂട്ടിപ്പോവും. കൂലിവര്‍ധന സംബന്ധിച്ച നിലവിലെ ഒത്തുതീര്‍പ്പ് പാക്കേജിന്റെ കാലാവധി മൂന്നുവര്‍ഷമാണ്. അത് നാലുവര്‍ഷമാക്കണം. 30 ശതമാനം കൂലിവര്‍ധനയെന്നത് ഘട്ടംഘട്ടമായി ഇക്കാലയളവില്‍ നടപ്പാക്കാം. അതല്ലാതെ ഒറ്റയടിക്ക് കൂലി വര്‍ധിപ്പിക്കുകയെന്നത് അപ്രായോഗികമാണ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള തൊഴിലാളികളുടെ പ്രക്ഷോഭം കണക്കിലെടുത്താണ് സര്‍ക്കാരിനെ സഹായിക്കാന്‍ വ്യവസ്ഥ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബോണസും കൂലിയും രാഷ്ട്രീയപ്രേരിതമായി പിടിച്ചുവാങ്ങുകയല്ല തൊഴിലാളികള്‍ ചെയ്യേണ്ടത്. ഓരോ തോട്ടങ്ങളിലെയും വരുമാനത്തിനനുസരിച്ച് കൂലിയും ബോണസും നിശ്ചയിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. പരാതിയുണ്ടെങ്കില്‍ ലേബര്‍ കോടതിയില്‍ പോവണം. അല്ലാതെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടിയെടുക്കുകയല്ല ചെയ്യേണ്ടത്. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തോട്ടം ഉടമകള്‍ തയ്യാറാണ്. എന്നാല്‍, അതിന് കുറച്ചുകൂടി സാവകാശം വേണം. രാഷ്ട്രീയപരമായും വൈകാരികമായും സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കരുതെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.
Next Story

RELATED STORIES

Share it