Idukki local

തോട്ടം മേഖലയിലെ കുട്ടികള്‍ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത് പുതുവസ്ത്രവും പുസ്തകങ്ങളുമില്ലാതെ

തൊടുപുഴ: തോട്ടം മേഖലയിലെ കുട്ടികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത് പുത്തന്‍ ഉടുപ്പും കുടയും പാഠപുസ്തകങ്ങളുമില്ലാതെ. തകര്‍ന്ന ലയങ്ങളില്‍ നിന്നും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായാണ് ഈ കുട്ടികള്‍ സ്‌കൂളുകളിലേക്ക് യാത്രയാവുന്നത്. ഹൈറേഞ്ചിലെ നിരവധി തോട്ടങ്ങളാണ് പ്രതിസന്ധിയേത്തുടര്‍ന്ന് അടച്ചുപൂട്ടിയത്. ഇതില്‍ പലതും വില്‍പ്പന നടത്തി.
അടച്ചുപൂട്ടിയ തോട്ടം മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ വഹിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനങ്ങളെല്ലാം പാഴാവുന്ന കാഴ്ചയാണ് നാം കാണുന്നത്. ജില്ലാ കലക്ടര്‍ ചെയര്‍മാനും ചീഫ് പ്ലാന്റേഷന്‍ ഓഫിസര്‍ കണ്‍വീനറും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, അംഗീകൃത ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ അംഗങ്ങളുമായ പ്ലാന്റേഷന്‍ റിലീഫ് കമ്മിറ്റിയാണ് അധ്യയന വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നതിനാല്‍ ഇതുവരെ പ്ലാന്റേഷന്‍ റിലീഫ് കമ്മറ്റി ചേര്‍ന്നിട്ടില്ല.അതിനാലാണ് പുസ്തകവും, വസ്ത്രവും കുടയുമില്ലാതെ കുട്ടികള്‍ സ്‌കൂളിലേക്ക് പോവേണ്ടി വരുന്നത്.ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികള്‍ക്ക് രണ്ട് സെറ്റ് യൂനിഫോം, ഒന്നു മുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്ക് നോട്ട് ബുക്കുകള്‍, പാഠപുസ്തകങ്ങള്‍, കുട, പേന, സ്ലേറ്റ്, ഒരു വിദ്യാര്‍ഥിക്ക് ഒരാഴ്ചയില്‍ 5 കിലോഗ്രാം സൗജന്യ റേഷന്‍ എന്നിവ ഉള്‍പ്പെട്ട പദ്ധതികള്‍ക്കാണ് പ്ലാന്റേഷന്‍ റിലീഫ് കമ്മിറ്റി കഴിഞ്ഞ കാലങ്ങളില്‍ രൂപം നല്‍കിയിരുന്നത്.
സ്‌കൂളില്‍ പോവാന്‍ യൂനിഫോം ഇല്ലാത്തതിന്റേ പേരില്‍ വേളാങ്കണ്ണിയെന്ന ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തതോടെയാണ് അധികൃതരുടെ ശ്രദ്ധ തോട്ടം മേഖലയില്‍ പതിഞ്ഞത്.തോട്ടങ്ങളെ ഗ്രസിച്ച ദുരിതപര്‍വത്തിന്റെ പ്രതീകമാണ് വേളാങ്കണ്ണി. ഇത്തരം ദുരന്തകഥകള്‍ നിരവധി കണ്ടു കഴിഞ്ഞ 14 വര്‍ഷത്തിനിടെ തോട്ടം മേഖല.ഒരു കോടി രൂപയാണ് വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെലവാക്കിയത്. യൂണിഫോമിന് 38 ലക്ഷം, തുന്നല്‍ ചെലവിന് 18 ലക്ഷം, സ്‌ക്കൂള്‍ ബാഗ് 22 ലക്ഷം, നോട്ട് ബുക്ക് 9 ലക്ഷം, പാഠപുസ്തകം 3 ലക്ഷം എന്നിങ്ങനെയായിരുന്നു ചെലവഴിച്ചത്.
ഇത് വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുന്നതിനായി വേറെയും ലക്ഷങ്ങള്‍ ചെലവഴിച്ചതായി കണക്കിലുണ്ട്. സ്‌ക്കൂള്‍ ബാഗ്, തുണി എന്നിവ വാങ്ങിയതില്‍ വ്യാപകമായ ക്രമക്കേടുള്ളതായി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഉദ്ഘാടനത്തിന് മന്ത്രിയെ കിട്ടാത്തതിനാല്‍ തയിച്ച യുണിഫോം രണ്ടുമാസം കെട്ടിവച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ താമസിക്കുന്ന ചോര്‍ന്നൊലിക്കുന്ന ലയങ്ങള്‍ നന്നാക്കാന്‍ പദ്ധതി ഉണ്ടായിരുന്നെങ്കിലും നടപ്പായില്ല.
Next Story

RELATED STORIES

Share it