തോട്ടം തൊഴിലാളികളുടെ വഴിതടയല്‍ ശക്തമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ദേശീയ-സംസ്ഥാനപാതകള്‍ ഉപരോധിക്കുന്ന തോട്ടം തൊഴിലാളികളുടെ സമരത്തെ പോലിസ് ശക്തമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൊഴിലാളികളുടെ സമരം ചെയ്യാനുള്ള ആവശ്യത്തെ സര്‍ക്കാര്‍ മാനിക്കുന്നു. എന്നാല്‍, വഴി മുടക്കിക്കൊണ്ടുള്ള സമരരീതി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. തോട്ടം തൊഴിലാളികളുടെ വഴിതടയല്‍ സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വയനാട്, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളില്‍ തോട്ടം തൊഴിലാളികള്‍ വഴി തടയുന്നതിനെതിരേ പരാതി വ്യാപകമാണ്. ആശുപത്രികളിലേക്കുള്ള രോഗികളും വിനോദസഞ്ചാരികളും വഴിയില്‍ കുടുങ്ങുന്നതായി നിരവധി പരാതികള്‍ ലഭിക്കുന്നു. ഈ സാഹചര്യത്തില്‍ റോഡ് ഉപരോധം ഒഴിവാക്കി സമരം മറ്റു മേഖലകളിലേക്കു മാറ്റണം. സമരക്കാരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച ചര്‍ച്ച ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതുവരെയെങ്കിലും വഴിതടയല്‍ അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ തയ്യാറാവണം. ക്രമസമാധാനപ്രശ്‌നമുണ്ടായാല്‍ പോലിസിനു കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ല. പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തി തൊഴിലാളികള്‍ സമരം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു. വ്യാഴാഴ്ച രാവിലെ ആഭ്യന്തരമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍, ഇന്റലിജന്‍സ് മേധാവി എ ഹേമചന്ദ്രന്‍, തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് അബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it