kozhikode local

തോടിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി ക്രഷര്‍ പ്രവര്‍ത്തനം



മുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പ് ആദംപടിയില്‍ പ്രവര്‍ത്തിക്കുന്ന  ക്രഷറിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. വര്‍ഷങ്ങളായി നാട്ടുകാര്‍ ആശ്രയിച്ച് വരുന്ന തോണിച്ചാല്‍ തോട് തടസ്സപ്പെടുത്തിയും, കയ്യേറിയുമുള്ള ക്രഷറിന്റെ പ്രവര്‍ത്തനമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. കരിങ്കുറ്റിയില്‍ നിന്നാരംഭിക്കുന്ന ഈ തോട് കാരശേരി, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലുള്ള ഒട്ടേറെ കുടുംബങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കു ഉപയോഗിച്ച് വരികയായിരുന്നു. അതിനിടക്കാണ് ക്രഷറില്‍ നിന്ന് ബോളറും മറ്റു ഉല്‍പ്പന്നങ്ങളും തോട്ടില്‍ നിക്ഷേപിച്ച് തോടിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയത്. താഴ്ഭാഗത്ത് തോട് തീര്‍ത്തും വറ്റിവരണ്ട അവസ്ഥയിലായതോടെ സമീപത്തെ കുടിവെള്ള സ്രോതസ്സുകളിലെല്ലാം വെള്ളം താഴ്ന്നിരിക്കുകയാണ്. ഇതോടെ മാവായി, നെല്ലിക്കാപറമ്പ്, തൊട്ടിമ്മല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പ്രദേശത്ത് കൃഷി നനക്കാനുപയോഗിച്ചിരുന്നതും ഈ തോട്ടിലെ വെള്ളമായിരുന്നു. ഇതിന് പുറമെ ക്വാറിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൃഷിക്കും ഭീഷണിയാണ്. നിരവധി തവണ ക്രഷറിനെതിരെ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കുടിവെള്ള വിതരണത്തിനായി ലക്ഷങ്ങള്‍ ചിലവഴിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പക്ഷേ ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
Next Story

RELATED STORIES

Share it