Flash News

തോക്ക് ചൂണ്ടി വിവാഹം : യുവതിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോവാന്‍ അനുമതി



ഇസ്്‌ലാമാബാദ്: പാക് പൗരന്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചെന്ന് ആരോപിച്ച ഇന്ത്യക്കാരി ഉസ്മയ്ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ അനുമതി. ഭര്‍ത്താവ് താഹിര്‍ അലി കോടതിയില്‍ സമര്‍പ്പിച്ച യഥാര്‍ഥ കുടിയേറ്റ രേഖകള്‍ ഇസ്്‌ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഹ്‌സിന്‍ അക്തര്‍ കയാനി ഉസ്്മയ്ക്കു കൈമാറി. വാഗാ അതിര്‍ത്തി കടക്കുംവരെ ഉസ്മയ്ക്ക് സുരക്ഷ നല്‍കാന്‍ ഇസ്്‌ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടു. വാദം കേള്‍ക്കുന്ന സമയത്ത് ഉസ്മയ്ക്കു ഭര്‍ത്താവിനോടു സംസാരിക്കാമെന്നു കോടതി പറഞ്ഞെങ്കിലും അവര്‍ നിരസിച്ചു. മെയ് പന്ത്രണ്ടിനാണ് ഉസ്മ കോടതിയില്‍ ഹരജി നല്‍കിയത്. രോഗബാധിതയായ മകളെ കാണുന്നതിന് ഇന്ത്യയിലേക്കു വിട്ടയക്കണം എന്നായിരുന്നു ആവശ്യം.ഇതേ അപേക്ഷയുമായി ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെയും യുവതി സമീപിച്ചിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണു തന്നെ പാക് പൗരന്‍ താഹിര്‍ അലി വിവാഹം ചെയ്തതെന്നു ഇസ്‌ലാമാബാദ് കോടതിയിലും പരാതി നല്‍കി. ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി യാത്രാരേഖകള്‍ പിടിച്ചുവാങ്ങിയെന്നും മജിസ്‌ട്രേട്ടിനു മുമ്പാകെ മൊഴി നല്‍കിയിരുന്നു.സുരക്ഷിതമായി ഇന്ത്യയിലേക്കു മടങ്ങുംവരെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഓഫിസ് വിട്ടുപോവില്ലെന്ന നിലപാടിലാണ് ഉസ്മ. എന്നാല്‍, ഭാര്യയെ ഇന്ത്യന്‍ അധികൃതര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് താഹിര്‍ അലിയുടെ പരാതി.
Next Story

RELATED STORIES

Share it