thrissur local

തൊഴില്‍-നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയില്‍

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചതോടെ തൊഴില്‍, നിര്‍മ്മാണമേഖല കടുത്ത പ്രതിസന്ധി നേരിടുന്നു. ക്വാറി മേഖലയില്‍ തൊഴിലെടുത്ത് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത് നൂറ് കണക്കിന് കുടുംബങ്ങളാണ്. പ്രത്യേക ആവശ്യങ്ങള്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയില്‍ പരിസ്ഥിതി അനുമതി ലഭ്യമല്ലാത്തതിനാല്‍ കടങ്ങോട് പഞ്ചായത്തിലെ ക്വാറികള്‍ ഉള്‍പ്പടെ കേരളത്തിലെ 90 ശതമാനം ക്വാറികളും അടച്ചുപൂട്ടിയതോടെ പട്ടിണിയിലായത് ക്വാറി മേഖലയില്‍ തൊഴിലെടുക്കുന്നവരും നിര്‍മ്മാണമേഖലയിലെ തൊഴിലാളികളുമാണ്.
മിക്ക ക്വാറികള്‍ക്കും 2016 അവസാനംവരെ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. പ്രത്യേക ആവശ്യങ്ങള്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയില്‍ പരിസ്ഥിതി അനുമതി ലഭ്യമല്ലാത്തതിനാല്‍ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനായി ക്വാറി ഉടമകള്‍ നല്‍കിയ അപേക്ഷകള്‍ പലതും ചുവപ്പുനാടയുടെ കുരുക്കിലുമാണ്.
കടങ്ങോട്, എരുമപ്പെട്ടി പഞ്ചായത്തുകളില്‍ മാത്രം നൂറുകണക്കിന് കുടുംബങ്ങള്‍ ക്വാറി മേഖലയിലെ തൊഴിലിനെ ആശ്രയിക്കുമ്പോള്‍ നിര്‍മ്മാണമേഖലയില്‍ തൊഴിലെടുക്കുന്നത് ആയിരക്കണക്കിന് തൊഴിലാളികളാണ്. സമീപ പ്രദേശങ്ങളില്‍ നിന്നും കരിങ്കല്ല് ലഭ്യമാണെങ്കിലും 3000 മുതല്‍ 3500 രൂപ വരെ ലഭിച്ചിരുന്ന കല്ലിന് ലോഡിന് ഇന്ന് 4500 രൂപയാണ് ഈടാക്കുന്നത്.
ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഒരു വാര്‍ഡില്‍ ഒരു വീട് എന്ന സര്‍ക്കാര്‍ പദ്ധതി കരിങ്കല്ലിന്റെ ലഭ്യതക്കുറവ് മൂലം തുടങ്ങാനാവാത്ത അവസ്ഥയിലാണ്. പദ്ധതിയുടെ ഗുണഭോക്താക്കള്‍ പാവപ്പെട്ടവരായതിനാല്‍ വലിയ തുക കൊടുത്ത് കരിങ്കല്ല് സ്വന്തമാക്കാന്‍ കഴിയാത്തവരാണ്. സ്വന്തമായൊരു വീടുവെക്കാന്‍ തുനിഞ്ഞവരും കടുത്ത നിരാശയിലാണ്. പകരം സംവിധാനം ഇല്ലാതെ ക്വാറികളുടെ പ്രവര്‍ത്തനാനുമതി നിഷേധിച്ചത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ പൊതുപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും ആവശ്യമായ ഇടപെടല്‍ നടത്തണമെന്നാണ് തൊഴിലാളി ഐക്യ വേദി പ്രധാനമായും ഉന്നയിക്കുന്നത്. അല്ലാത്തപക്ഷം തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും തൊഴിലാളി ഐക്യവേദിക്ക് പദ്ധതിയുണ്ട്.
Next Story

RELATED STORIES

Share it