kozhikode local

തൊഴില്‍ തര്‍ക്കത്തിന് പരിഹാരം : സിഡബ്ല്യുസി ഗോഡൗണില്‍ ഇന്നു മുതല്‍ റേഷന്‍ സാധനങ്ങളിറക്കും



കോഴിക്കോട്: വെസ്റ്റ്ഹില്‍ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്‍ (സിഡബ്ല്യു സി) ഗോഡൗണില്‍ റേഷന്‍ സാധനങ്ങളുടെ കയറ്റിറക്കവുമായി ബന്ധപ്പെട്ട തൊഴില്‍തര്‍ക്കത്തിന് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പരിഹാരമായി. സിഡബ്ല്യുസി ഗോഡൗണില്‍ ഇന്ന് മുതല്‍ റേഷന്‍ സാധനങ്ങള്‍ ഇറക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. സിഡബ്ല്യുസിയുടെ സിവില്‍ സപ്ലൈസ് വകുപ്പ് വാടകയ്‌ക്കെടുത്ത ഗോഡൗണില്‍ സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ ജോലി ചെയ്യുന്ന 24 തൊഴിലാളികള്‍ക്കൊപ്പം സി.ഡബ്ല്യു സി ഗോഡൗണില്‍ ജോലി ചെയ്യുന്ന 12 തൊഴിലാളികള്‍ക്ക് കൂടി തൊഴില്‍ നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. കലക്ടറേറ്റില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും സിവില്‍ സപ്ലൈസ് വകുപ്പ്, സിഡബ്ല്യുസി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സിവില്‍ സപ്ലൈസിലെ തൊഴിലാളികള്‍ക്ക് മുഴുവന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും പുറത്തുനിന്ന് ആരെയും കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും തീരുമാനിച്ചു. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് റേഷന്‍ സാധനങ്ങള്‍  മുന്‍കൂറായി സംഭരിക്കേണ്ട സാഹചര്യത്തിലാണ് സിഡബ്ല്യുസി ഗോഡൗണ്‍ വാടകയ്‌ക്കെടുത്തത്. ഇടനിലക്കാരെ ഒഴിവാക്കി ഭക്ഷ്യവിതരണം സുഗമവും കാര്യക്ഷമവുമാക്കാന്‍ വേണ്ടിയാണ് ഈ സംവിധാനം. എന്നാല്‍, സിഡബ്ല്യുസി ഗോഡൗണിലെ ചുമട്ടുതൊഴിലാളികള്‍ സിവില്‍ സപ്ലൈസ് ഗോഡൗണിലെ ചുമട്ടുതൊഴിലാളികളെ തടഞ്ഞതു മൂലം റേഷന്‍ സാധനങ്ങള്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. തൊഴില്‍ തര്‍ക്കം നീളുന്നത് റേഷന്‍ വിതരണത്തെ ബാധിക്കാനിടയുള്ള സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. നിലവില്‍ സിവില്‍ സപ്ലൈസിന്റെ വടകര, കൊയിലാണ്ടി, താമരശ്ശേരി ഗോഡൗണുകളില്‍ റേഷന്‍ കയറ്റിറക്ക് സുഗമമായി നടക്കുന്നുണ്ട്. കോഴിക്കോട്ടെ പ്രശ്‌നം പരിഹരിച്ചതോടെ ജില്ലയില്‍ റേഷന്‍ വിതരണം സുഗമമാകും. ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ടി ജനില്‍കുമാര്‍, ജില്ലാ സപ്ലൈ ഓഫിസര്‍ കെവി പ്രഭാകരന്‍, സപ്ലൈകോ റീജ്യനല്‍ മാനേജര്‍ വി വി സുനില തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it