Kottayam Local

തൊഴില്‍ തര്‍ക്കം: വൈക്കം കോവിലകത്തുംകടവ് മാര്‍ക്കറ്റ് നേരേകടവിലേക്ക് മാറ്റും

വൈക്കം: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലായ കോവിലകത്തുംകടവ് മാര്‍ക്കറ്റ് നേരേകടവിലേക്ക് മാറ്റാന്‍ ഏജന്‍സി അസോസിയേഷന്‍ തീരുമാനിച്ചതായി സൂചന. ഇതുസംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ധീവരസഭയുടെയും നേതാക്കളുമായും ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് അധികൃതരുമായും ഇന്നലെ ചര്‍ച്ച നടത്തി.
ഒരാഴ്ചയ്ക്കകം നേരേകടവിലേക്ക് മാര്‍ക്കറ്റ് മാറ്റാനാണ് അസോസിയേഷന്റെ തീരുമാനം.
കൂലി വര്‍ധനവ് ആവശ്യപ്പെട്ട് സംയുക്തതൊഴിലാളികളുടെ നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് 16ന് ലേബര്‍ ഓഫിസര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കുകയും കൂലി വര്‍ധിപ്പിച്ച് നല്‍കാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് സംയുക്തതൊഴിലാളികളുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ചുമട്ട് തൊഴിലാളികള്‍ക്ക് നിലവിലുള്ള കൂലിയില്‍ നിന്ന് 23 ശതമാനം വര്‍ധനവ് നല്‍കണം, വലിയ മല്‍സ്യ ബോക്‌സുകള്‍ക്ക് 40 കിലോ അടിസ്ഥാന നിരക്കില്‍ ക്രമീകരിച്ച് കൂലി നല്‍കണം, ഇറക്കി വയ്ക്കുന്ന മുഴുവന്‍ പെട്ടികള്‍ക്കും കച്ചവടം നടത്തിയാലും ഇല്ലെങ്കിലും ചീഞ്ഞുപോയതാണെങ്കിലും മുഴുവന്‍ കൂലി നല്‍കണം, എല്ലാ പെട്ടികള്‍ക്കും കയറ്റുക്കൂലി 10 രൂപ നല്‍കണം, ഒരു വണ്ടിയില്‍ നിന്ന് മറ്റൊരു വണ്ടിയിലേക്ക് പകര്‍ത്തുന്നതിന് പകര്‍ത്തുകൂലി പെട്ടി ഒന്നിന് 15 രൂപ നല്‍കണം എന്നിവയാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ.
എന്നാല്‍ തൊഴിലാളികള്‍ കൂലി വര്‍ധനവ് ആവശ്യപ്പെടുന്നത് അന്യായമാണെന്നും ന്യായമായ കൂലി നല്‍കുന്നുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it