ernakulam local

തൊഴില്‍ തര്‍ക്കം: നെട്ടൂര്‍-കുമ്പളം പാലം പണി അനിശ്ചിതത്ത്വത്തില്‍



കുമ്പളം: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് നെട്ടൂര്‍-കുമ്പളം പാലം പണി അനിശ്ചിതത്ത്വത്തിലായി. പത്ത് ദിവസത്തിലേറെയായി ജോലി നിലച്ചിട്ട്. ജോലി നിലച്ചതിനെതുടര്‍ന്ന് മെഷീനുകളും മറ്റും കയറ്റി നിര്‍മാണം ഏറ്റെടുത്ത കെവിജെ ബില്‍ഡേഴ്‌സ് കമ്പനി അവരുടെ മറ്റൊരു നിര്‍മാണ സൈറ്റായ തൃശൂരിലേക്ക് പോവുകയുംചെയ്തു. ഐഎന്‍ടിയുസി, സിഐടിയു തുടങ്ങിയ യൂനിയന്‍ തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. ഇവരെ കൂടാതെ കമ്പനിയുടെ തൊഴിലാളികളുമുണ്ട്. സ്‌കില്‍ഡ് ജോലികള്‍ ആരംഭിച്ചതോടെ ഈ മേഖലയിലെ പരിചയസമ്പന്നരായ തൊഴിലാളികളെ കമ്പനി കൂടുതല്‍ നിയോഗിച്ചു. എന്നാല്‍ കമ്പനി തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി തങ്ങളുടെ തൊഴിലാളികളെയും ജോലിക്കെടുക്കണമെന്ന് യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത് തങ്ങള്‍ക്ക് ഭാരിച്ച നഷ്ടത്തിനിടയാക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇതിനെതുടര്‍ന്നുണ്ടായ തര്‍ക്കമാണ് പാലം പണി നിലയ്ക്കാന്‍ കാരണം. 2013 നവംബര്‍ 30ന് കല്ലിട്ട് ഒക്ടോബര്‍ മൂന്നിനാണ് പാലംപണി ആരംഭിച്ചത്. 29.5 കോടി രൂപ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കേരള സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല. ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതം നടപ്പാതയും 150 മീറ്റര്‍ അപ്രോച്ച് റോഡോടുകൂടിയതാണ് പാലം. 2012ല്‍ സെന്റിന് 4.60 ലക്ഷം വില നിശ്ചയിച്ച് നെട്ടൂരില്‍ നാല് വീട്ടുകാരുടെ ഭൂമിയേറ്റെടുത്താണ് പാലം പണി ആരംഭിച്ചത്. എന്നാല്‍ ഭൂമി വിട്ടുകൊടുത്ത ഒരു വീട്ടുകാരുടെ കാര്യത്തില്‍ ഇതുവരെ തീര്‍പുണ്ടായിട്ടുമില്ല. പാലം യാഥാര്‍ഥ്യമാവുന്നതോടെ കുമ്പളത്തിന്റെ ഒരു പ്രദേശത്തുള്ളവര്‍ക്ക് നെട്ടൂര്‍ വഴി എളുപ്പത്തില്‍ ദേശീയപാതയിലേക്ക് എത്താനാവും. നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലം പണി പൂര്‍ത്തിയാവുന്നതോടെ ദേശീയപാതയിലേക്കുള്ള പുതിയൊരു പാതയാണ് തുറന്നുകിട്ടുക. നിര്‍മാണ അനിശ്ചിതത്വം നീക്കാന്‍ പ്രദേശത്തെ എംപി, എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് സിപിഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി അംഗം എ ആര്‍ പ്രസാദ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it