wayanad local

തൊഴില്‍രഹിതരെയും ദാതാക്കളെയും തേടി കുടുംബശ്രീ



കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജികെവൈ) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തൊഴില്‍രഹിതരുടെയും ജില്ലയ്ക്കകത്തും പുറത്തുമുള്ള തൊഴില്‍ദാതാക്കളുടെയും രജിസ്‌ട്രേഷന് കുടുംബശ്രീ ജില്ലാ മിഷന്‍ അവസരമൊരുക്കുന്നു. മികച്ച അവസരങ്ങള്‍ കണ്ടെത്തി അര്‍ഹരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ നേടാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. വിവിധ സ്ഥാപനങ്ങള്‍ കുടുംബശ്രീയുടെ ഈ സ്വപ്‌ന പദ്ധതിയോട് സഹകരിക്കുന്നുണ്ട്. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് 9605070863 എന്ന നമ്പറില്‍ രജിസ്‌ട്രേഷന്‍ നടത്താം. ജില്ലയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി പാസായ തൊഴില്‍രഹിതരുടെ രജിസ്‌ട്രേഷന്‍ നടത്തി, അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ച് ക്രോഡീകരിക്കകയാണ് കുടുംബശ്രീ പദ്ധതിയുടെ ആദ്യഘട്ടം. 22 മുതല്‍ 28 വരെ വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ ഓഫിസുകള്‍ വഴി രജിസ്‌ട്രേഷന്‍ നടത്താം. 22ന് നൂല്‍പ്പുഴ, നെന്മേനി, അമ്പലവയല്‍, മീനങ്ങാടി പഞ്ചായത്തുകളിലും 23ന് മുള്ളന്‍കൊല്ലി, പനമരം, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളിലും 24ന് കണിയാമ്പറ്റ, മുട്ടില്‍, വൈത്തിരി, വെങ്ങപ്പള്ളി പഞ്ചായത്തുകളിലും രജിസ്‌ട്രേഷനുണ്ടാവും. 26ന് പൊഴുതന, തരിയോട്, കോട്ടത്തറ, പടിഞ്ഞാറത്തറ, 27ന് തവിഞ്ഞാല്‍, തിരുനെല്ലി, എടവക, വെള്ളമുണ്ട, 28ന് തൊണ്ടര്‍നാട്, മൂപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളിലും രാവിലെ 10.30 മുതല്‍ മൂന്നുവരെ രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തം പഞ്ചായത്തുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ നേരിട്ടും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ സൗജന്യ പരിശീലനത്തിന് ശേഷവും തൊഴില്‍ നേടാന്‍ സജ്ജരാക്കുകയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം. മൈഗ്രേഷന്‍ കം പ്ലേസ്‌മെന്റ് സെന്റര്‍ കല്‍പ്പറ്റയില്‍ സ്ഥാപിക്കാനും വിദേശ നിയമനങ്ങള്‍ നടത്താനും കുടുംബശ്രീ ലക്ഷ്യമിടുന്നുണ്ട്. ജില്ലയിലെ അഞ്ചു പരിശീലന കേന്ദ്രങ്ങളിലായി 1,358 പേരാണ് ഡിഡിയുജികെവൈ പദ്ധതി പ്രകാരം പരിശീലനം നേടിയത്. ഇവരില്‍ 30 വിദേശ നിയമനം ഉള്‍പ്പെടെ 734 പേര്‍ക്ക് വിവിധ കമ്പനികളില്‍ മികച്ച വേതനത്തില്‍ ജോലി ലഭിച്ചിട്ടുണ്ട്. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ തൊഴില്‍സാഹചര്യങ്ങളുള്ള കോഴ്‌സുകളിലാണ് കുടംബശ്രീ പരിശീലനം നല്‍കുന്നത്. പൂര്‍ണമായി സൗജന്യ പരിശീലനത്തോടൊപ്പം യാത്രാബത്തയും നല്‍കുന്ന പദ്ധതിക്ക് ജില്ലയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206589, 9447040740, 8547217962 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Next Story

RELATED STORIES

Share it