Flash News

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തുല്യ അവസരം ഉറപ്പാക്കണം : ഹൈക്കോടതി



കൊച്ചി: തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തുല്യാവസരം ഉറപ്പാക്കാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് ചുമതലയുണ്ടെന്ന് ഹൈക്കോടതി. 2016 ഡിസംബര്‍ 30ന് പിഎസ്‌സി റദ്ദാക്കിയ കെഎസ്ഇബി മസ്ദൂര്‍ റാങ്ക് പട്ടികയുടെ കാലാവധി ആറുമാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ച് ഹൈക്കോടതി ഉത്തരവായി. 14 ജില്ലകളുടെയും റാങ്ക് പട്ടികകള്‍ക്ക് 2017 ജൂണ്‍ 30 വരെ കാലാവധി അനുവദിക്കുന്നതാണു വിധി. ഇതോടൊപ്പം കേരള വാട്ടര്‍ അതോറിറ്റിയിലെ മീറ്റര്‍ റീഡര്‍ റാങ്ക് പട്ടികയ്ക്കും ആറുമാസത്തെ അധിക കാലാവധി അനുവദിച്ച് ഉത്തരവായിട്ടുണ്ട്. 14 ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം പിഎസ്‌സി യോഗം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. ഒരു തവണ നീട്ടിയെന്ന പേരില്‍ ചില പട്ടികകളുടെ മാത്രം കാലാവധി നീട്ടാതിരിക്കുന്നതു ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തേ കാലാവധി നീട്ടാത്തതും 2017 മാര്‍ച്ച് 31ന് കാലാവധി തീരുന്നതുമായ പട്ടികകള്‍ 2017 ജൂണ്‍ 30 വരെ നീട്ടാന്‍ സര്‍ക്കാര്‍ പിഎസ്‌സിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. പിഎസ്‌സി അതു പരിഗണിച്ച് വൈദ്യുതി ബോര്‍ഡിലെ മസ്ദൂര്‍ പട്ടികകളെ ഒഴിവാക്കി മറ്റുള്ളവയുടെ കാലാവധി നീട്ടി. ഇതു വിവേചനമാണെന്നു കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. കാലാവധി നീട്ടല്‍ ചുരുങ്ങിയത് മൂന്നുമാസവും എല്ലാതവണയും കൂടി പരമാവധി ഒന്നരവര്‍ഷവുമെന്നാണ് പിഎസ്‌സി നടപടിക്രമം. ഒന്നിലധികം തവണ നീട്ടുന്നതില്‍ അപാകതയില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. എന്നിരിക്കെ ഒരു തവണ നീട്ടിയെന്ന പേരില്‍ ചില പട്ടികകള്‍ മാത്രമായി ഒഴിവാക്കുന്നത് നിയമപരമല്ല. തൊഴില്‍രഹിതരായ യുവാക്കള്‍ വിശ്വാസമര്‍പ്പിക്കുന്ന ഭരണഘടനാസ്ഥാപനമായ പിഎസ്‌സി യുവാക്കള്‍ക്ക് തുല്യാവസരത്തിനുള്ള അവകാശം സംരക്ഷിക്കേണ്ടതുണ്ട്. ഏറെ പരിശ്രമിച്ച് പട്ടികയില്‍ സ്ഥാനം നേടിയവരോട് നീതികാട്ടണം. സ്വേച്ഛാപരമായി തീരുമാനമെടുക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it