wayanad local

തൊഴില്‍നിയമ ഭേദഗതി; പ്രതിഷേധ കൂട്ടായ്മ നാളെ കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്റിങ് കമ്മിറ്റി ഓര്‍ഡേഴ്‌സ്) ഭേദഗതിയില്‍ പ്രതിഷേധിച്ച് ട്രേഡ് യൂനിയന്‍ സംയുക്ത സമിതി സംസ്ഥാന വ്യാപകമായി ഏപ്രില്‍ രണ്ടിനു നടത്തുന്ന പൊതുപണിമുടക്കിന്റെ പ്രചാരണാര്‍ഥം നാളെ വൈകീട്ട് നാലിനു കല്‍പ്പറ്റ പഴയ വിജയ പമ്പ് പരിസരത്ത് തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മയും രാത്രി വിവിധ കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനവും നടത്തും. രണ്ടായിരത്തിലധികം തൊഴിലാളികള്‍ കൂട്ടായ്മയില്‍ പങ്കാളികളാവുമെന്നു ട്രേഡ് യൂനിയന്‍ സംയുക്ത സമിതി ഭാരവാഹികളായ വി വി ബേബി, ഗിരീഷ് കല്‍പ്പറ്റ, എന്‍ ഒ ദേവസി, സി എസ് സ്റ്റാന്‍ലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ട്രേഡ് യൂനിയനുകളുമായി കൂടിയാലോചിക്കാതെയും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയുമാണ് 1946ലെ തൊഴില്‍നിയമം ഭേദഗതി ചെയ്യുന്നത്. തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭത്തിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത സ്ഥിരം തൊഴിലെന്ന അവകാശമാണ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യുന്നത്. തൊഴിലാളികളെ മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക് ഉയര്‍ത്തിയ നിയമമാണ് മോദി സര്‍ക്കാര്‍ അട്ടിമറിച്ചത്.
വ്യവസായ സ്ഥാപനങ്ങള്‍ ഇഷ്ടപ്രകാരം തുറക്കാനും അടയ്ക്കാനും തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും അധികാരം നല്‍കണമെന്ന വന്‍കിട വ്യവസായികളുടെ ആവശ്യത്തിനു അംഗീകാരം നല്‍കുകയാണ് കേന്ദ്ര ഭരണകൂടം. വ്യവസായികളുടെ ലാഭം മാത്രം വര്‍ധിക്കുന്നതിനു ഉതകുന്നതും തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നതുമാണ് നിയമഭേദഗതി. സ്ഥിരം തൊഴില്‍ നിഷേധിക്കുന്നതിനുള്ള വിജ്ഞാപനം 2003ല്‍ വാജ്‌പേയ് സര്‍ക്കാര്‍ ഇറക്കിയിരുന്നു.
2007ലെ യുപിഎ സര്‍ക്കാരാണ് ഇതു പിന്‍വലിച്ചത്. വിജ്ഞാപനം പുനസ്ഥാപിക്കുന്ന നിയമഭേദഗതിക്കെതിരേ ഭരണാനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസും രംഗത്തുവന്നിട്ടുണ്ട്. നിയമഭേദഗതി വയനാട്ടില്‍ തേയിലത്തോട്ടം മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാവും. വന്‍കിട തോട്ടങ്ങളില്‍ തൊഴില്‍ നിഷേധത്തിനുള്ള 'ഷട്ട് ഡൗണ്‍' തുടങ്ങിക്കഴിഞ്ഞു.
രാവിലെ തോട്ടത്തിലെത്തുമ്പോഴാണ് അന്നു ജോലിയില്ലെന്ന് തൊഴിലാളികള്‍ അറിയുന്നത്. നിയമഭേദഗതിക്കെതിരേ തോട്ടംതൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണെന്നും നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it