തൊഴിലുറപ്പ് വേതനവിതരണം: പുതിയ സംവിധാനം വരുന്നു

തിരുവനന്തപുരം: തൊഴിലുറപ്പ് വേതനവിതരണം ഇനി ദേശീയ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ മാത്രമായിരിക്കുമെന്ന് മന്ത്രി കെ സി ജോസഫ് അറിയിച്ചു. ഈ ആവശ്യത്തിനായി 365 കോടി രൂപ കേരളത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള കുടിശ്ശിക പൂര്‍ണമായും ഇതുവഴി നല്‍കും. തുടര്‍ന്നുള്ള വേതനവിതരണം കുടിശ്ശികയില്ലാതെ നല്‍കാനുള്ള എല്ലാ ക്രമീകരണവും ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ദേശീയ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനം ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനം കേരളമായിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരില്‍നിന്നു നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് പണം ലഭ്യമാക്കുന്ന സംവിധാനമാണ് ദേശീയ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനം.
കേന്ദ്ര സര്‍ക്കാരില്‍നിന്ന് വേതനത്തുക സംസ്ഥാന സര്‍ക്കാരിലേക്കു വരുകയും തുടര്‍ന്ന് നോഡല്‍ ബാങ്കായ എസ്ബിടിലേക്കു കൈമാറി അവിടെനിന്നു തൊഴിലാളികള്‍ക്ക് ഇലക്‌ട്രോണിക് സംവിധാനം വഴി ലഭ്യമാക്കുകയായിരുന്നു നിലവിലുള്ള രീതി. ജനുവരി ഒന്നുമുതല്‍ നാഷനല്‍ ഇഎഫ്എംഎസ് നടപ്പിലാക്കിയതോടെ കൂലി ലഭിക്കുന്നതിനാവശ്യമായ ഫണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ നേരിട്ട് കേന്ദ്ര സര്‍ക്കാരിന്റെ അക്കൗണ്ടില്‍നിന്ന് സംസ്ഥാന നോഡല്‍ ബാങ്ക് വഴി തൊഴിലാളികള്‍ക്കു ലഭ്യമാക്കാനുള്ള സംവിധാനമായി. പുതിയ സമ്പ്രദായപ്രകാരം ഗ്രാമപ്പഞ്ചായത്തുകള്‍ അയക്കുന്ന ഫണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ക്കനുസൃതമായ പണം ഓരോ ദിവസവും കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന നോഡല്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനു കൈമാറുകയും ഒരോ തൊഴിലാളിയുടെയും അക്കൗണ്ടിലേക്ക് തുക അന്നേദിവസം തന്നെ കൈമാറുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it