kannur local

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ആറുമാസമായി കൂലി ലഭിച്ചില്ല

ഇരിക്കൂര്‍: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുത്തവര്‍ക്ക് ആറ് മാസമായി കൂലിയില്ല. ഇത്തരത്തില്‍ ലക്ഷക്കണക്കിനു രൂപയാണു കിട്ടാതെ കിടക്കുന്നത്.
ഒരു തൊഴിലാളികള്‍ക്ക് ഒരു ദിവസത്തേക്ക് 229 രൂപയാണ് അനുവദിച്ച കൂലി. തൊഴിലുറപ്പ് ജോലിയില്‍ ചില തൊഴിലാളികള്‍ക്ക് രണ്ട് വര്‍ഷത്തെ കൂലിയും ലഭിക്കാനുണ്ട്. ഗ്രാമപ്പഞ്ചായത്ത് വഴി ഓണ്‍ലൈനിലൂടെ തൊഴിലാളികളുടെ അക്കൗണ്ടിലേക്കാണ് പണിക്കൂലി വരേണ്ടത്. ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളെല്ലാം തൊഴിലുറപ്പ് തൊഴിലാളികളുടെ പണിയെക്കുറിച്ചും കൂലിയെക്കുറിച്ചും യഥാസമയത്ത് രേഖകള്‍ അധികൃതര്‍ക്ക് അയച്ചതാണ്.
കൂലി ലഭിക്കാത്തതിനാല്‍ തൊഴിലുറപ്പ് മേഖല തന്നെ നിശ്ചലാവസ്ഥയിലാണ്. ഇതിനു പുറമെ, ബ്ലോക്ക് പഞ്ചായത്ത് വഴി തൊഴിലുറപ്പില്‍ അംഗങ്ങളായവര്‍ക്ക് വീട് വയ്ക്കാനായി ഐഎവൈ പദ്ധതി പ്രകാരം 90 പണി പൂര്‍ത്തിയാക്കിയവര്‍ക്ക് 23000 രൂപ തിരിച്ചടക്കേണ്ടാത്ത തുകയും ലഭിച്ചിരുന്നു. ഇതും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. ജീവനക്കാരും തൊഴിലുറപ്പ് അധികൃതരും ഇന്റര്‍നെറ്റ് വഴി അറിയാന്‍ ശ്രമിക്കുമ്പോള്‍ വെബ്‌സൈറ്റും ലഭ്യമാവാത്ത അവസ്ഥയാണ്. ആറു മാസത്തെ കൂലി കിട്ടാതിരിന്നിട്ടും ചില സ്ഥലങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഇപ്പോഴും ജോലി ചെയ്തുവരുന്നുണ്ട്. എപ്പോഴെങ്കിലും കൂലി കിട്ടുമെന്ന പ്രതീക്ഷയിലാണിവര്‍. ആറ് മാസമായി എടുത്ത പണിയുടെ കൂലി കിട്ടാത്തതിനാല്‍ സമരമുഖത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുകയാണ് തൊഴിലാളികളും സംഘടനകളും. സര്‍ക്കാറിന്റെ പിടിപ്പു കേടാണ് തൊഴിലുറപ്പ് കൂലി ആറ് മാസമായി കുടിശ്ശികയാവാന്‍ കാരണമെന്നും അടിയന്തിരമായി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
Next Story

RELATED STORIES

Share it