thiruvananthapuram local

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം മുടങ്ങി; പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു

ബാലരാമപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നില്ലെന്ന് ആരോപിച്ച് ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ഇന്നലെ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയായിരുന്നു ഉപരോധം.
കഴിഞ്ഞ അഞ്ചുമാസമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നില്ലെന്നാണ് പരാതി. പഞ്ചായത്ത് സെക്രട്ടറിക്ക് നിരവധിതവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് വസന്തകുമാരിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും പഞ്ചായത്ത് സെക്രട്ടറി മിനിയെ തടഞ്ഞുവച്ചത്. പഞ്ചായത്തുകളില്‍ മുടങ്ങി കിടക്കുന്ന തൊഴിലുറപ്പ് വേതനം നല്‍കുന്നതിന് കേന്ദ്രം 326 കോടി അനുവദിച്ചിരുന്നു.
ഇത് പഞ്ചായത്തുകളില്‍ ലഭിക്കുന്നതിനായുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ സെക്രട്ടറി കൃത്യസമയത്ത് ഹാജരാക്കാത്തത് കാരണമാണ് ബാലരാമപുരം പഞ്ചായത്തിന് മാത്രം ഈ തുക അനുവദിക്കാത്തതെന്ന് ബ്ലോക്ക് അധികൃതര്‍ അറിയിച്ചു. ഏഴിന് നല്‍കേണ്ട ഓര്‍ഡര്‍ സെക്രട്ടറി 11ന് നല്‍കി എന്നാണ് ഇവരുടെ ആരോപണം. ഏഴുദിവസം ജോലി ചെയ്യുമ്പോള്‍ അടുത്ത ഏഴുദിവസത്തിനകം വേതനം നല്‍കണമെന്നാണ് നിര്‍ദേശം. അല്ലാത്തപക്ഷം ഈ ദിവസത്തെ പലിശയും ചേര്‍ത്ത് നല്‍കേണ്ടിവരും. സമരത്തെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അഞ്ചുമാസത്തെ തുക പലിശ സഹിതം നല്‍കാമെന്ന ഉറപ്പിന്‍മേലാണ് ഇവര്‍ പിരിഞ്ഞ് പോയത്.
അതേസമയം ഉപരോധം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്തിലെ ക്യാബിനുകളെച്ചൊല്ലി അടുത്തിടെ പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ നടന്ന സമരം ഇതിന്റെ ഭാഗമാണെന്നും പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് എ എം സുധീര്‍ അറിയിച്ചു.
ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സുരേഷ്‌കുമാര്‍, ബ്ലോക്ക് അംഗം ജയചന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പാറക്കുഴി സുരേന്ദ്രന്‍, കൃഷ്ണന്‍ കുട്ടി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമില ബീവി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പ്രമീള കുമാരി, ഹരിഹരന്‍ എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്. ബാലരാമപുരം പോലിസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it