തൊഴിലുറപ്പ് : ആദിവാസികള്‍ക്ക് വേതനം ലഭിച്ചിട്ട് ആറുമാസം



കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: ഗ്രാമീണ ജനതയുടെ ദാരിദ്ര്യം  ലഘൂകരിക്കുന്നതിനും ജീവിത സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും നടപ്പില്‍ വരുത്തിയ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്തവര്‍ക്കു വേതനം നല്‍കിയിട്ടു ആറു മാസം പിന്നിടുന്നു. മേഖലയിലെ ആദിവാസികളാണ് കാലങ്ങളായി വേതനം ലഭിക്കാതെ  പട്ടിണി അനുഭവിക്കുന്നത്. വിലക്കയറ്റവും നോട്ട് നിരോധനവും ഉണ്ടാക്കിയ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ നാട്ടിലുള്ളവര്‍തന്നെ വലയുമ്പോള്‍ ഈ പാവപ്പെട്ട ഗോത്രജനതക്ക് സ്വന്തം കുഞ്ഞുങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍പോലും സാധിച്ചുകൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. നെന്മാറ, പറമ്പിക്കുളം വനമേഖലയില്‍ പ്രാചീന ഗോാത്രവര്‍ഗ്ഗമായ കാടാരും മുതുവാന്മാരും മലസരും മലൈമലസരും ഉള്‍പ്പെടുന്ന 11 ആദിമവാസി സമൂഹങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരില്‍ 556 കുടുംബങ്ങളും തൊഴിലുറപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാട്ടില്‍പുറങ്ങളില്‍ ഉള്ളതുപോലെ സ്വകാര്യവ്യക്തികളുടെ കൃഷിയിടമോ തൊഴില്‍ ശാലകളോ ഈ മേഖലയില്‍ ഇല്ലാത്തതിനാല്‍ എല്ലാ കുടുംബങ്ങളും തൊഴിലുറപ്പ് പണിയെയാണ് ആശ്രയിക്കുന്നത്. തൊഴില്‍ മേഖല വനമേഖലയായതിനാല്‍ വനംവകുപ്പ് ജീവനക്കാര്‍ക്കാണ് തൊഴിലുറപ്പ് പണിയുടെ നടത്തിപ്പ് ചുമതല . നവംബര്‍ മാസം മുതലുള്ള കൂലി കുടിശ്ശികയായി 25 ലക്ഷം രൂപയോളം രൂപ ആദിവാസികള്‍ക്കു നല്‍കാനുള്ളതായി വനംവകുപ്പ് ജീവനക്കാരും സമ്മതിക്കുന്നു. മുതലമട പഞ്ചായത്തിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു മൂലം പാവപ്പെട്ട പല ആദിവാസി കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് കാര്‍ഡ് എടുപ്പിക്കാനോ , കാലാവധി തീര്‍ന്നത് പുതുക്കാനോ ഇതു വരെ കഴിഞ്ഞിട്ടില്ല. അത്തരം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തൊഴില്‍ സുരക്ഷാ എന്ന അവകാശം തന്നെ നഷ്ട്ടപ്പെടുന്നുമുണ്ട്. സ്‌കൂള്‍ അവധിക്കാലത്ത് മാത്രം ഹോസ്റ്റലുകളില്‍ നിന്ന് വീട്ടിലെത്തുന്ന പറമ്പിക്കുളം മലനിരകളിലെ കുട്ടികളുടെ മാതാപിതാക്കളോടൊപ്പമുള്ള ദിവസങ്ങളെയും പട്ടിണി ബാധിക്കുന്നുണ്ട്. ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതോടെ നഗരങ്ങളിലെ െ്രെടബല്‍ ഹോസ്റ്റലുകളിലേക്ക് മലയിറങ്ങുന്ന കുട്ടികള്‍ക്ക് പുത്തനുടുപ്പ് വാങ്ങാന്‍ വകയില്ലാതെ മനംനൊന്ത് ഇരിക്കുന്ന മാതാപിതാക്കളാണിപ്പോള്‍ ഊരുകളിലുള്ളത്.   അവിദഗ്ദ്ധ തൊഴിലാളി കുടുംബത്തിന് ഒരു സാമ്പത്തിക വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ സ്വന്തം നാട്ടില്‍ ഉറപ്പു നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ആദിവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ശരാശരിയായ 47  തൊഴില്‍ ദിനങ്ങള്‍ താഴെയാണ് നല്‍കുന്നത്. എല്ലാ രേഖകള്‍ ഉണ്ടായിട്ടും മാസ്സങ്ങളായി പണി ലഭിക്കാത്ത കുടുംബങ്ങളും ഇവിടെയുണ്ട്. കിട്ടിയ തൊഴിലുറപ്പ് പണിയുടെ കൂലി ബാങ്ക് അകൗണ്ടില്‍ വന്നാല്‍ത്തന്നെ അത് പിന്‍വലിക്കാന്‍ പറമ്പികുളത്ത് ബാങ്ക് ഇല്ലാത്തതിനാല്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ച് തമിഴ്‌നാടിലെത്തെണം എന്നതും ഇവര്‍ക്കു തീരാ ദുരിതമാണ്. തൊഴില്‍ ആവശ്യപ്പെട്ടാല്‍ 15 ദിവസത്തിനുള്ളില്‍ തൊഴില്‍, തൊഴിലെടുത്താല്‍ 14 ദിവസത്തിനകം കൂലി, കാലതാമസമുണ്ടായാല്‍ നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശവും തൊഴിലാളികള്‍ക്കുണ്ട്. എത്രയും വേഗം തങ്ങള്‍ക്കു ലഭിക്കാനുള്ള തുക സര്‍ക്കാര്‍ ഇടപെട്ട് ലഭ്യമാക്കണമെന്നാണ് ആദിവാസികള്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it