wayanad local

തൊഴിലുറപ്പില്‍ രജിസ്റ്റര്‍ ചെയ്തത് 8,100 പേര്‍; തൊഴിലെടുക്കുന്നത് 300ല്‍ താഴെ ആളുകള്‍

പുല്‍പ്പള്ളി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കുടിയേറ്റ മേഖലയിലെ പഞ്ചായത്തുകളില്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്തവര്‍ 8,100 പേര്‍. എന്നാല്‍, തൊഴിലെടുക്കുന്നവര്‍ 300ല്‍ താഴെ ആളുകള്‍ മാത്രം. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായാണ് ഇത്രയും പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.
തൊഴിലെടുക്കുന്നവരില്‍ പുരുഷന്മാര്‍ 40ല്‍ താഴെ മാത്രമാണ്. ഏഴു വര്‍ഷം മുമ്പ് പദ്ധതി ആരംഭിച്ചപ്പോള്‍ രണ്ടു പഞ്ചായത്തിലും കൂടി തൊഴിലിനായി രജിസ്റ്റര്‍ ചെയ്തവര്‍ 3,000ത്തോളം പേര്‍ മാത്രമായിരുന്നു. പിന്നീട്, വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നു വന്നതോടെ നിരവധി ആളുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അതിനു പുറമെ തൊഴിലുറപ്പ് പദ്ധതി കൃഷിയിടത്തിലേക്ക് വ്യാപിച്ചതോടെ തൊഴിലാളികള്‍ അവരുടെ കൃഷിയിടത്തില്‍ മാത്രമേ തൊഴില്‍ എടുക്കുകയുള്ളൂവെന്ന നിബന്ധന വച്ചു. ഇതേത്തുടര്‍ന്ന് നിരവധി കര്‍ഷകരും തൊഴിലാളികളായി പഞ്ചായത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തു. ഇതും തൊഴിലാളികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നു ലഭിക്കുന്ന കൂലിയേക്കാള്‍ കൂടുതല്‍ തുക മറ്റ് പണികള്‍ക്ക് പോയാല്‍ ലഭിക്കുമെന്നതാണ് പുരുഷന്മാര്‍ ഈ രംഗത്തുനിന്ന് പിന്മാറാനുള്ള പ്രധാന കാരണം.
സംസ്ഥാനത്ത് ആദ്യമായി പദ്ധതിയുടെ പൈലറ്റ് പ്രവൃത്തികള്‍ നടത്തിയതു പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായിരുന്നു. തൊഴില്‍ കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നടത്തിയതും പുല്‍പ്പള്ളിയില്‍. കുടിയേറ്റ മേഖലയിലെ പഞ്ചായത്തുകളില്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതിന് ഇതും അനുകൂല ഘടകമായി. തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്തിനെതിരേ കേസ് വന്നതു മുള്ളന്‍കൊല്ലിക്കെതിരേയായിരുന്നു.
Next Story

RELATED STORIES

Share it