Idukki local

തൊഴിലുറപ്പില്‍ നെടുങ്കണ്ടം ബ്ലോക്ക് ഒന്നാമത്

നെടുങ്കണ്ടം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ജില്ലയില്‍ ഒന്നാംസ്ഥാനം സ്വന്തമാക്കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വിഭാവന ചെയ്ത ലേബര്‍ ബജറ്റിലൂടെയാണ് ശ്രദ്ധേയമായ നേട്ടം ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കിയത്.
ബ്ലോക്കിന് കീഴിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 9,56,701 തൊഴില്‍ദിനങ്ങളിലൂടെ 32.11 കോടി രൂപ ചെലവഴിച്ചാണ് ഈ സുവര്‍ണ നേട്ടം ബ്ലോക്ക് കരസ്ഥമാക്കിയത്. 2017-18 സാമ്പത്തികവര്‍ഷം 7,93,573 തൊഴില്‍ ദിനമായിരുന്നു ലേബര്‍ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ 121 ശതമാനം നേട്ടം കൈവരിക്കാന്‍ നെടുങ്കണ്ടം ബ്ലോക്കിന് കഴിഞ്ഞു. കരുണാപുരം ഗ്രാമപഞ്ചായത്തിനാണ് പദ്ധതി നിര്‍വഹണത്തില്‍ ബ്ലോക്കടിസ്ഥാനത്തില്‍  ഒന്നാം സ്ഥാനം.
ഇതിനായി എട്ട് കോടി 17 ലക്ഷം രൂപയാണ് പഞ്ചായത്ത് പഞ്ചായത്ത് ചെലവഴിച്ചത്. പഞ്ചായത്തിലെ 1526 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങളും 93 കുടുംബങ്ങള്‍ 150 തൊഴില്‍ ദിനങ്ങളും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍തന്നെ ആദ്യം കയര്‍ഭൂവസ്ത്രമുപയോഗിച്ച് പ്രവര്‍ത്തി ചെയ്യുവാനും അതുവഴി 1,00,00 രൂപ അവാര്‍ഡ് വാങ്ങുന്നതിനും ബ്ലോക്കിലെ കരുണാപുരം ഗ്രാമപഞ്ചായത്തിന് സാധിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും അനേകം ജലസംരക്ഷണ പ്രവ്യത്തികള്‍ ഏറ്റെടുക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചു.
2016-17 സാമ്പത്തികവര്‍ഷം സംസ്ഥാനത്തുതന്നെ 43.5കോടി തുക ചിലവഴിച്ച് മൂന്നാം സ്ഥാനത്തെത്തിയ നെടുംകണ്ടം ബ്ലോക്കുപഞ്ചായത്തിന് സാധന-സാമഗ്രികളുടെ നിരക്കിലുണ്ടായ കുറവുമൂലം 2017-2018 സാമ്പത്തിക വര്‍ഷം 12കോടിയോളം തുകയുടെ മെറ്റീരിയല്‍ പ്രവ്യത്തികളാണ് നടക്കാതെ പോയത്.  മെറ്റീരിയല്‍ പ്രവ്യത്തികള്‍കൂടി സുഗമമായി നടപ്പിലാക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ സംസ്ഥാനത്തുതന്നെ ഒന്നാം സ്ഥാനത്തെത്താന്‍ ബ്ലോക്ക് പഞ്ചായത്തിന് സാധിക്കുമായിരുന്നു.
പുതിയ സാമ്പത്തിക വര്‍ഷത്തിലെ തൊഴിലുറപ്പ് പദ്ധതികള്‍ക്ക് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു എന്നതും ശ്രദ്ധേയമാണ്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ആലീസ് പി വി എന്നിവരാണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it