malappuram local

തൊഴിലില്ലായ്മ; മുണ്ടേരി വനത്തിലെ പ്രാക്തന വിഭാഗം ആദിവാസികള്‍ ദുരിതത്തില്‍

എടക്കര: തൊഴിലില്ലായ്മ മുണ്ടേരി വനത്തിലെ പ്രാക്തന വിഭാഗത്തില്‍പെട്ട ആദിവാസികളെ ദുരിതത്തിലാക്കുന്നു. മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിന് സമീപം സ്ഥിതി ചെയ്യുന്ന തണ്ടന്‍കല്ല്, വാണിയംപുഴ വനത്തിനുള്ളിലെ ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, കുമ്പളപ്പാറ എന്നീ കോളനികളിലെ ആദിവാസികളാണ് തൊഴിലില്ലായ്മമൂലം ദുരിതത്തിലായിരിക്കുന്നത്. വനവിഭവങ്ങള്‍ ശേഖരിച്ച് വനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ജീവിക്കുന്നത്.
എന്നാല്‍ വനവിഭവങ്ങളുടെ ലഭ്യതക്കുറവ് ഇവരെ ദുരിതത്തിലാക്കുന്നുണ്ട്. ഇതിന് പുറമെ വന്യമൃഗങ്ങളുടെ ആക്രമണംമൂലം വനത്തിലേക്ക് കടക്കാനാവാത്ത അവസ്ഥയിലാണ് ആദിവാസികള്‍. പൊതുവിതരണ കേന്ദ്രങ്ങള വഴി ലഭിക്കുന്ന അരി മാത്രമാണ് ഇവരുടെ ഏക ആശ്രയം. പ്രാഥമിക വിദ്യാഭ്യാസം നേടിയവര്‍ ഏറെയുണ്ടെങ്കിലും സര്‍ക്കാര്‍ ജോലിയുള്ളവര്‍ കുറച്ച് പേര്‍ മാത്രമാണ്. വാണിയംപുഴ കോളനിയില്‍ പത്ത് പേര്‍ പത്താംതരം കഴിഞ്ഞവരാണ്. ഇരുട്ടുകുത്തിയില്‍ ഒന്‍പതും, തണ്ടന്‍കല്ലില്‍ എട്ടും ആളുകള്‍ പത്താംതരം കഴിഞ്ഞിട്ടുണ്ട്. അപ്പന്‍കാപ്പ്, നാരങ്ങാപ്പൊയില്‍, ഏട്ടപ്പാറ എന്നി കോളനികളിലടക്കം എണ്‍പതില്‍പരം ആളുകള്‍ പത്താംതരവും, പ്ലസ് ടുവും കഴിഞ്ഞവരുണ്ട്.
മാവോവാദികളുടെ ഭീഷണിയുടെ പേരില്‍ സര്‍ക്കാര്‍ പിഎസ്‌സി വഴി വാച്ചര്‍ നിയമനം നടത്തിയപ്പോള്‍ വാണിയംപുഴ, കാഞ്ഞിരപ്പുഴ, പോത്തുകല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് ആറ് പേര്‍ക്ക് ജോലി ലഭിച്ചു. ഒരു ആദിവാസി വനിതയും ഇതില്‍ ഉള്‍പ്പെട്ടു. എന്നാല്‍ തൊട്ടടുത്ത് കിടക്കുന്ന മുണ്ടേരി വിത്തുകൃഷിത്തോട്ടത്തില്‍ കാഷ്വല്‍ തൊഴിലാളി നിയമനം നടന്നപ്പോള്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരമുള്ള പ്രതേ്യക സംവരണം ആദിവാസികള്‍ക്ക് ലഭിച്ചില്ല. 2012 ജൂണ്‍ ആറിനാണ് കൃഷി വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കൃഷി വകുപ്പിന്റെ കീഴിലുള്ള സ്‌പെഷല്‍ ഫാമുകളിലേയും, മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ഫാമുകളിലേയും കാഷ്വല്‍ തൊഴിലാളി നിയമനത്തില്‍ അതാത് ഫാമുകളുടെ സമിപ പ്രദേശത്തുള്ള ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുമെന്നായിരുന്നു ഉത്തരവ്. നിലവില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണത്തിന് പുറമെയാണിത്. എന്നാല്‍ ഈ ഉത്തരവ് അട്ടിമറിച്ചുകൊണ്ടാണ് അധികൃതര്‍ തൊഴിലാളി നിയമനം നടത്തിയത്. കൈക്കൂലി നല്‍കിയും, രാഷ്ട്രീയ സ്വാധീനം ചെലുത്തിയും എഴുത്തും വായനയും അറിയാത്തവര്‍ പോലും ഫാമില്‍ നിയമനം നേടിയിട്ടുണ്ട്. പ്രതേ്യകമായി ആദിവാസികള്‍ക്ക് കൃഷിവകുപ്പ് അനുവദിച്ച പത്ത് ശതമാനം സംവരണ ഉത്തരവ് തെറ്റായിരുന്നുവെന്നാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പറയുന്നത്.
എന്നാല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ കോപ്പി എല്ലാവരുടെയും പക്കലുണ്ടുതാനും. നിലവില്‍ മുപ്പത്തിമൂന്ന് ഒഴിവുകള്‍ ഫാമിലുണ്ട്. അടുത്ത് വിരമിക്കുന്നതടക്കം മുപ്പത്തിയാറ് ഒഴിവുകളാണ് ഫാമിലുണ്ടാകുക. ഈ ഒഴിവുകളിലേക്ക് സമീപ കോളനികളിലെ ആദിവാസികള്‍ക്ക് നിയമനം നല്‍കണമെന്ന ആവശ്യം ശക്തമാണ്. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ അതിശക്തമായ സമരപരിപാടികള്‍ക്ക് പടയൊരുക്കം നടക്കുന്നതായി സൂചനയുണ്ട്.
Next Story

RELATED STORIES

Share it