Kottayam Local

തൊഴിലില്ലാതായതോടെ തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിസന്ധിയില്‍

വൈക്കം: തൊഴിലില്ലാതായതോടെ തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിസന്ധിയിലായി. സോഫ്ട്‌വെയര്‍ തകരാറാണ് തൊഴിലുറപ്പ് ജോലികള്‍ മുടങ്ങാന്‍ കാരണമായിരിക്കുന്നത്. തൊഴിലുറപ്പ് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതും സാങ്കേതികാനുമതി നല്‍കുന്നതും സെപ്പര്‍ എന്ന സോഫ്ട്‌വെയര്‍ മുഖേനയാണ്. സോഫ്ട്‌വെയറിലെ തകരാറുമൂലം തൊഴില്‍ ആവശ്യപ്പെടുന്നവര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി മസ്റ്റ് റോളുകള്‍ എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
മഴക്കാലപൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ടു നടത്തേണ്ട തോടുകളുടെ പുനരുദ്ധാരണവും കുളങ്ങളുടെ നവീകരണ പ്രവൃത്തികളും ഇതുമൂലം അവതാളത്തിലായി. ഓണ്‍ലൈനില്‍ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കിയാല്‍ മുന്‍പത്തെ പോലെ സാങ്കേതികജീവനക്കാരുടെ മൊബൈലില്‍ വിവരങ്ങള്‍ ലഭ്യമാകുന്നില്ല. തൊഴിലുറപ്പില്‍ പുതിയ പ്രവൃത്തികള്‍ ആരംഭിക്കണമെങ്കില്‍ പ്രവൃത്തികള്‍ക്ക് മുന്‍പും, പ്രവൃത്തികള്‍ തുടങ്ങുമ്പോഴും ജിയോടാഗ് ചെയ്ത് സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് ഓണ്‍ലൈനില്‍ കൊടുക്കണം. സാങ്കേതിക വിഭാഗം ജീവനക്കാരുടെ മൊബൈലില്‍ അംഗീകാരം കിട്ടിയ പ്രവൃത്തികളുടെ വിവരങ്ങള്‍ ലഭ്യമായാലേ ഫോട്ടോ എടുക്കാന്‍ കഴിയൂ.
ഇതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നതെന്ന് പദ്ധതിയില്‍ പ്രവൃത്തിക്കുന്ന കരാര്‍ ജീവനക്കാരായ ഓവര്‍സിയര്‍മാരും എന്‍ജിനീയര്‍മാരും പറയുന്നു. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് തൊഴിലുറപ്പില്‍ ചെലവ് 1908 കോടി രൂപയിലധികമായിരുന്നു.എന്നാല്‍, ഇത്രയും വലിയ പദ്ധതി നടപ്പാക്കാന്‍ ജില്ലയിലും സംസ്ഥാനതലത്തിലുമുള്ള സാങ്കേതികവിഭാഗം ജീവനക്കാരുടെ എണ്ണം വളരെ കുറവാണ്. ജോലിയുടെ സമ്മര്‍ദം കാരണം വര്‍ഷങ്ങളായി സംസ്ഥാന മിഷനില്‍ പ്രവൃത്തിയെടുത്തിരുന്ന രണ്ടു സാങ്കേതിക വിഭാഗം കരാര്‍ ജീവനക്കാര്‍ കഴിഞ്ഞമാസം രാജിവെച്ചു പോയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോട് ചോദിക്കണമെന്നറിയാതെ കുഴയുകയാണ് ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിലെ ജീവനക്കാര്‍.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിക്കയിടങ്ങളിലും മാര്‍ച്ച് അവസാനം വരെയാണ് തൊഴില്‍ ലഭിച്ചത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഒരു തൊഴില്‍ദിനം പോലും പലയിടത്തും ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം 150 തൊഴില്‍ ദിനമായിരുന്നത് നൂറാക്കി കുറച്ചുകൊണ്ടുള്ള ഉത്തരവും ഇപ്പോള്‍ അധികൃതര്‍ നല്‍കിയിരിക്കുകയാണ്. തൊഴിലുറപ്പ് തൊഴില്‍ ആരംഭിക്കാത്തതുകൊണ്ട് മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ട തോടുകളുടെയും അഴുക്കുചാലുകളുടെയും ശുചീകരണം നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സോഫ്ട്‌വെയര്‍ തകരാറുകള്‍ പരിഹരിച്ച് തൊഴിലുറപ്പ് ജോലികള്‍ പുനരാരംഭിക്കുന്നതിന് അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Next Story

RELATED STORIES

Share it