Second edit

തൊഴിലിടങ്ങള്‍



തൊഴിലിടങ്ങളുടെ രൂപവും ഭാവവും മാറിമറിയുകയാണ്. പണ്ടൊക്കെ കാലിച്ചന്തപോലെയുള്ള ഓഫിസുകളില്‍ പകലന്തിയോളം പണിയെടുക്കുന്ന ഗുമസ്തപ്പടയാണ് തൊഴിലിടങ്ങളില്‍ കണ്ടുവന്നത്. അല്ലെങ്കില്‍, മേലാകെ കരിപുരണ്ട് വിയര്‍ത്തൊഴുകി പണിയുന്ന തൊഴിലാളികളെ. എന്നാല്‍, ആഗോളവല്‍ക്കരണം തൊഴിലിടങ്ങളുടെ രൂപത്തിലും ഭാവത്തിലും വലിയ മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. ഓഫിസുകളുടെ സ്വഭാവം ആകെ മാറി. അവ ഭംഗിയായി രൂപകല്‍പന ചെയ്യപ്പെടുന്നുണ്ട് ഇക്കാലത്ത്. പണ്ടു ബാങ്കുകള്‍ വലിയ ഗ്രില്ലുകളും ടെല്ലറുടെ കിളിവാതിലും ഒക്കെയായി ഭീതി ജനിപ്പിക്കുന്ന ഇടങ്ങളായിരുന്നു. ഇന്നവ ഇടപാടുകാരോട് സ്‌നേഹഭാവത്തിലാണ് പെരുമാറുന്നത്. ഏഷ്യയിലെ വികസ്വര രാജ്യങ്ങളില്‍ മുഴുക്കെ തൊഴിലിടങ്ങളുടെ സ്വഭാവത്തിലും രീതിയിലും വലിയ വിപ്ലവം സംഭവിക്കുകയാണെന്ന് ജപ്പാനിലെ നിക്കി ഏഷ്യന്‍ റവ്യൂ പറയുന്നു. കഴിവുറ്റ ജീവനക്കാരെ ആകര്‍ഷിക്കാനും അവരെ നിലനിര്‍ത്താനും ഇത് അനിവാര്യമാണെന്ന് തൊഴിലുടമകള്‍ കണ്ടെത്തിയിരിക്കുന്നു. അതിനാല്‍ ഓഫിസ് സൗകര്യം മാത്രമല്ല, മെച്ചപ്പെട്ട കാന്റീനുകളും വ്യായാമത്തിന് ജിംനേഷ്യവും ഇരുന്ന് വര്‍ത്തമാനം പറയാന്‍ കോഫിഷോപ്പുകളും വായിക്കാന്‍ ലൈബ്രറികളും കുട്ടികളെ നോക്കാന്‍ ആയമാരും ഒക്കെയായി അണിഞ്ഞൊരുങ്ങുകയാണ് പല ഓഫിസുകളും. ചിലയിടത്ത് ഓമനകളായ പട്ടികള്‍ക്കും പൂച്ചകള്‍ക്കും പോലും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
Next Story

RELATED STORIES

Share it