thrissur local

തൊഴിലിടങ്ങളിലെ സ്ത്രീപീഡനം: കര്‍ശന നടപടി -വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍



തൃശൂര്‍: സംസ്ഥാനത്ത് തൊഴിലിടങ്ങളിലെ സ്ത്രീപീഡനങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഏറി വരികയാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ മെഗാ അദാലത്തിന് ശേഷം മാധ്യമപ്രവത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തുണിക്കടകള്‍, സ്വര്‍ണ്ണകടകള്‍, പെട്രോള്‍ പമ്പുകള്‍, സ്വകാര്യ ആശുപത്രികള്‍, വിമാനത്താവള കരാര്‍ ജോലികള്‍ എന്നീ മേഖലകളില്‍ സ്ത്രീ തൊഴിലാളികളുടെ എണ്ണം ഏറിവരികയാണ്. കുറഞ്ഞ കൂലിയും സംഘടിക്കില്ലെന്ന ബോദ്ധ്യവും കാരണം തൊഴിലുടമകളും ഈ മേഖലകളില്‍ സ്ത്രീകളെ നിയമിക്കാനാണ് താല്‍പര്യപ്പെടുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളോ മെച്ചപ്പെട്ട വേതനമോ നല്‍കാതെ കൊടിയ ചൂഷണമാണ് ഇവിടെ നടക്കുന്നത്. ഇക്കാര്യത്തില്‍ ലേബര്‍ ഓഫീസര്‍മാരും തൊഴിലാളി സംഘടനകളും ഇടപെടണം-വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. സ്ത്രീ തൊഴിലാളികളെ സംഘടിപ്പിച്ചതിന്റെ പേരില്‍ തൃശൂര്‍ കല്ല്യാണ്‍ സാരീസില്‍ നിന്നും പിരിച്ച്‌വിടപ്പെട്ട വനിത തൊഴിലാളികളുടെ പരാതി പരിഗണിച്ച കമ്മീഷന്‍ കല്ല്യാണ്‍ സാരീസിസ് ഉടമയോട് നേരിട്ട് ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കി. കല്ല്യാണ്‍ ഗ്രൂപ്പിന്റെ തൊഴില്‍ ചൂഷണം സംബന്ധിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും തൊഴിലാളികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് തൊഴില്‍ സമരം ഒത്തുതീര്‍പ്പാക്കിയ കടയുടമ പിന്നീട് ഒത്ത് തീര്‍പ്പ് വ്യവസ്ഥ പാലിക്കുന്നില്ലെന്നും പ്രതികാര നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും തൊഴിലാളികള്‍ പരാതിപ്പെട്ടതായി കമ്മീഷന്‍ പറഞ്ഞു. മാനേജ്‌മെന്റ് പ്രതിനിധിയേയും വക്കീലിനെയും കമ്മീഷന്റെ സീറ്റിംഗിനയച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും കടയുടമ നേരിട്ട് ഹാജരായി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണമെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് വനിത കമ്മീഷന് താല്‍പര്യമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. അടുത്ത അദാലത്തില്‍ കല്ല്യാണ്‍ സാരീസ് ഉടമ ഹാജാരവണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറാകണമെന്നും വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.കമ്മീഷന്‍ പരാതി നല്‍കുകയും എന്നാല്‍ സീറ്റിംഗില്‍ ഹാജരാവാതിരിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. 75 പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. 27 ഏണ്ണം തീര്‍പ്പാക്കി. 13 ഏണ്ണം പോലിസ് റിപ്പോര്‍ട്ടിന് അയച്ചു. 13 പേര്‍ ഹാജാരായില്ല. 22 ഏണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പലതവണ നോട്ടീസ് അയച്ചിട്ടും ഹാജരാവത്ത വരെ പോലിസിന്റെ സഹായത്തോടെ വിളിച്ചു വരുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന് പുറമേ അംഗങ്ങളായ അഡ്വ.ഷിജി ശിവജി, അഡ്വ. എം എസ് താര, അഭിഭാഷകരായ ഇന്ദുമേനോന്‍, ബിന്ദുരഘുനാഥ്, ലിജി മധു, ഇ എസ് സജിത പങ്കെടുത്തു.
Next Story

RELATED STORIES

Share it