thrissur local

തൊഴിലാളി- മുതലാളി, ജാതി- മത വ്യത്യാസം ഇല്ലാത്തതാണു സഹകരണ പ്രസ്ഥാനങ്ങളെന്ന്

മാള: തൊഴിലാളിയോ മുതലാളിയോ ജാതിയോ മതമോ ലിംഗവ്യത്യാസമോ ഒന്നുംതന്നെയില്ലാത്തതാണ് സഹകരണ പ്രസ്ഥാനങ്ങളെന്ന് ഇരിങ്ങാലക്കുട എം എല്‍ എ പ്രഫ. കെ യു അരുണന്‍. മാള ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
1960 കളോടെ തുടങ്ങിയ മലയാളിയുടെ പ്രവാസമാണ് നമ്മളിന്നെത്തി നില്‍ക്കുന്ന വികസനത്തിന് നിദാനം. ഏറെ കഷ്ടപ്പെട്ട് സ്വന്തം ജീവിതം പോലും ബലിയര്‍പ്പിച്ച പ്രവാസികളോട് നമ്മള്‍ പുലര്‍ത്തേണ്ട കടപ്പാട് ഏറെയാണെന്നും അദ്ധേഹം പറഞ്ഞു.
മറ്റേതൊരു സര്‍ക്കാരിനേക്കാലും നിലവിലെ സര്‍ക്കാര്‍ പ്രവാസികളുടെ കാര്യത്തില്‍ ഫലപ്രദമായി ഇടപെടല്‍ നടത്തുന്നുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു.
കുടുംബങ്ങളെ നോക്കാനാണ് പ്രവാസികള്‍ വിദേശങ്ങളില്‍ പോയി തൊഴിലെടുക്കുന്നതെന്ന തെറ്റായ ധാരണ മാറ്റേണ്ടതുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായും സാമൂഹ്യപരമായുമുള്ള ഉയര്‍ച്ച കേരളം കൈവരിക്കാന്‍ കാരണം പ്രവാസികളാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. അഷ്ടമിച്ചിറ ബോസ് സിറ്റിസെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രവാസി സംഘം സെക്രട്ടറി സി എ ശ്യാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ സുകുമാരന്‍, സന്ധ്യ നൈസന്‍, ടി എം രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി പി രവീന്ദ്രന്‍, ഗ്രാമപഞ്ചായത്തംഗം പി എസ് ശ്രീജിത്ത്, പ്രസന്ന, സംഘാടക സമിതി കണ്‍വീനര്‍ എം കെ ഹക്ക് സംസാരിച്ചു.
ചാലക്കുടി: ചാലക്കുടി ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ ഉത്ഘാടനം മന്ത്രി കെ.ടി.ജലീല്‍ നിര്‍വ്വഹിച്ചു. ബി.ഡി.ദേവസ്സി എം.എല്‍.എ.അധ്യക്ഷത വഹിച്ചു. പ്രവാസി സേവാ കേന്ദ്രത്തിന്റെ ഉത്ഘാടനം നഗരസഭ ചെയ ര്‍പേഴ്‌സണ്‍ ജയന്തി പ്രവീ ണ്‍കുമാര്‍ നിര്‍വ്വഹിച്ചു.
കേരള സംസ്ഥാന പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് പി.സെയ്താലികുട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോ.റജിസ്ട്രാര്‍ ടി.കെ.സതീഷ്‌കുമാര്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷീജു, സി.പി.എം.ഏരിയ സെക്രട്ടറി ടി.എ.ജോണി, പി.എം.ശ്രീധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it