തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരന് വിട

കര്‍ക്കശ നിലപാടും പോരാട്ട വീര്യവുമായി അവസാനം വരെ ജീവിച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു ബര്‍ദന്‍. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലേക്കും അതുവഴി സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കും ഇറങ്ങിയ ബര്‍ദന്‍ വിദ്യാര്‍ഥിയായിരിക്കേ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കാളിയായി. ആരെയും പിടിച്ചുനിര്‍ത്തുന്ന പ്രസംഗപാടവവും ചിന്തകളും അദ്ദേഹത്തിന്റെ നേതൃപാടവം വെളിപ്പെടുത്തുന്നതായിരുന്നു. എഐഎസ്എഫിന്റെ നേതാവായി തുടങ്ങിയ യാത്ര അദ്ദേഹത്തെ എത്തിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കാണ്. വിദ്യാര്‍ഥി ജീവിതത്തിനു ശേഷം ബര്‍ദന്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരനായി.
1925 സപ്തംബര്‍ 24ന് ഇപ്പോഴത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ബംഗാള്‍ പ്രസിഡന്‍സിയില്‍പ്പെട്ട സില്‍ഹറ്റ് ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണ് ബര്‍ദന്റെ ജനനം. ആറുവയസ്സുവരെ ഇവിടെയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഹേമേന്ദ്രകുമാര്‍ ബര്‍ദന് നാഗ്പൂരിലേക്കു സ്ഥലം മാറ്റമായി. കോളജില്‍ പഠിക്കുന്ന കാലത്തുതന്നെ എഐഎസ്എഫില്‍ അംഗമായി വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലേക്കും അതുവഴി സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലേക്കും ഇറങ്ങുകയായിരുന്നു. വിദ്യാര്‍ഥിയായിരിക്കേ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ പങ്കാളിയായി. ആരെയും പിടിച്ചിരുത്തുന്ന പ്രസംഗപാടവവും പണ്ഡിതോചിതമായ ചിന്തകളും ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ നേതൃപാടവം വെളിപ്പെടുത്തി. എഐഎസ്എഫിന്റെ നേതാവായി മാറിയ ആ യാത്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കാണ് എത്തിച്ചത്. നാഗ്പൂര്‍ സര്‍വകലാശാല യൂനിയന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. 1940ല്‍ നിരോധിക്കപ്പെട്ട സിപിഐ അംഗമായി. 1945 മുതല്‍ 48 വരെ എഐഎസ്എഫ് ദേശീയ സെക്രട്ടറിയായിരുന്നു. പഠനം പലതവണ മുടങ്ങിയെങ്കിലും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.
വിദ്യാര്‍ഥി ജീവിതത്തിനുശേഷം ബര്‍ദന്‍ തൊഴിലാളി സംഘാടന മേഖലയാണ് തിരഞ്ഞെടുത്തത്. എഐടിയുസി ദേശീയ നേതൃത്വത്തിലെത്തിയ ബര്‍ദന്‍ 1994-96 കാലത്ത് ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാലം സീനിയര്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പ്രതിരോധം, ഇലക്ട്രിസിറ്റി, റെയില്‍വേ, ടെക്‌സ്റ്റൈല്‍സ്, പ്രസ്, എന്‍ജിനീയറിങ് തുടങ്ങി നിരവധി തൊഴിലാളി സംഘടനകളുടെ ദേശീയ ഭാരവാഹിയായിരുന്നു.
1957ല്‍ നാഗ്പൂര്‍ സിറ്റി മണ്ഡലത്തില്‍ നിന്ന് മഹാരാഷ്ട്ര നിയമസഭാംഗമായി. 1967ലും 1980ലും നാഗ്പൂരില്‍ നിന്ന് ലോക്‌സഭയിലേക്കും മല്‍സരിച്ചിരുന്നു. പലതവണ അറസ്റ്റിലായ അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരകാലം മുതല്‍ മൊത്തം നാലര വര്‍ഷം ജയിലില്‍ കഴിഞ്ഞു. 1942 മുതല്‍ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗമായിരുന്നു.
1968ല്‍ പട്‌നയില്‍ നടന്ന സിപിഐ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍വച്ച് ദേശീയ കൗണ്‍സില്‍ അംഗവും 1978ല്‍ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവുമായി. 1982 ലാണ് വാരണാസിയില്‍ വച്ച് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാവുന്നത്. 1995ല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി. ജനറല്‍ സെക്രട്ടറിയായിരുന്ന ഇന്ദ്രജിത്ത് ഗുപ്ത കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രിയായതിനെ ത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞപ്പോള്‍ 1996ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ബര്‍ദന്‍ 2012ലെ പറ്റ്‌ന പാര്‍ട്ടി കോണ്‍ഗ്രസ്സിലാണു സ്ഥാനമൊഴിഞ്ഞത്. പിന്നീട് സിപിഐയുടെ പാര്‍ട്ടി പരിപാടി തയ്യാ—റാക്കാനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. പാര്‍ട്ടി പരിപാടി കഴിഞ്ഞ മാര്‍ച്ചില്‍ പോണ്ടിച്ചേരിയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു. ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായി തുടരുകയായിരുന്ന അദ്ദേഹം കഴിഞ്ഞദിവസം വരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ പ്രതിസന്ധി, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം, എഐടിയുസി ചരിത്രം, ഇതാണ് സിപിഐ, അപ്പീല്‍ ടു ഓള്‍ കണ്‍ട്രി മെന്‍, ജനറലിസ്റ്റ്‌സ് സ്‌പെഷ്യലിസ്റ്റ്‌സ് വര്‍ക്കിങ് ക്ലാസ്, ഇന്ത്യയിലെ ആദിവാസി പ്രശ്‌നങ്ങള്‍, പരിഹരിക്കാത്ത ആദിവാസി പ്രശ്‌നങ്ങള്‍ തുടങ്ങി ഇരുപതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ആദിവാസികളുടെ ജീവിതപ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച നേതാവായിരുന്നു ബര്‍ദന്‍. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആദിവാസി വനാവകാശ നിയമം നടപ്പാക്കുമ്പോള്‍ ബര്‍ദന്റെ ഈ പാഠങ്ങളും വഴികാട്ടിയായി. നാഗ്പൂര്‍ സര്‍വകലാശാലയില്‍ അധ്യാപികയായിരുന്ന ഭാര്യ പത്മാദേവി 1989 ഫെബ്രുവരിയില്‍ മരിച്ചു. മകള്‍ അല്‍ക്ക അഹ്മദാബാദില്‍ ഡോക്ടറാണ്. മകന്‍ അശോക് സാമ്പത്തിക വിദഗ്ധനും.
Next Story

RELATED STORIES

Share it