malappuram local

തൊഴിലാളി ദിനത്തിലും നിരാശയോടെ തോട്ടംമേഖല

കാളികാവ്: ലോക തൊഴില്‍ ദിനത്തിനോടനുബന്ധിച്ച് സര്‍ക്കാരും മാനേജുമെന്റും വാക്കുപാലിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന തോട്ടം തൊഴിലാളികള്‍ നിരാശയിലായി. എറണാകുളത്ത് ഇന്നലെ വിവിധ തൊഴിലാളി സംഘടനാ നേതാക്കളും ഉടമകളുടെ പ്രതിനിധികളും സംസ്ഥാന സര്‍ക്കാരിന്റെ വക്താക്കളും നടത്തിയ ചര്‍ച്ചയിലും ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ തീരുമാനമായില്ല.
തൊഴില്‍ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരത്തെ കുറിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്റെ കരടിനെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാനായിരുന്നു ഇന്നലത്തെ യോഗം. അടുത്ത സര്‍ക്കാര്‍ വന്നിട്ടുമതി ഇനി ഇക്കാര്യത്തില്‍ ചര്‍ച്ച എന്നാണ് തീരുമാനം. ജില്ലയിലെ ഏറ്റവും വലിയ എസ്‌റ്റേറ്റായ പുല്ലങ്കോട് അടക്കം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തുടങ്ങിയ പണിമുടക്കു സമരം മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍ന്നിരുന്നു.
എന്നാല്‍, ചര്‍ച്ചകളില്‍ തീരുമാനമാവാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കരട് ഓര്‍ഡിനന്‍സ് ഇറക്കുകകയായിരുന്നു. ഓര്‍ഡിനന്‍സ് പ്രകാരം പുതുക്കി നിശ്ചയിച്ച കൂലി ഇതുവരെ നല്‍കിയിട്ടില്ല. 317 രൂപ എന്നത് 381 രൂപയാക്കി ഉയര്‍ത്തിയിരുന്നു. 2015 ജനുവരി മുതലാണ് തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ച കൂലി നല്‍കേണ്ടത്. കൂലിയിലെ കുറവിന് പുറമെ മുന്‍കാല പ്രാഭല്ല്യത്തിലും വെട്ടിക്കുറവ് വരുത്തി. റബര്‍ മേഖലയില്‍ 300 മരം ടാപ്പിങ് നടത്തിയിരുന്ന തൊഴിലാളികള്‍ ഓര്‍ഡിനന്‍സ് പ്രകാരം 400 മരം ടാപ്പിങ് നടത്തണം. 500 രൂപയാണ് ദിവസക്കൂലിയായി തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നത്. കൂലിയില്‍ നാമ മാത്ര വര്‍ധനവും അധ്വാനഭാരം മൂന്നിലൊന്നാക്കുകയും ചെയതുകൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാറും ഉടമകളും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
അഞ്ചു വര്‍ഷം മുമ്പുള്ള കൂലിയാണ് ഇപ്പോഴും തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. കൂലി പുതുക്കിയതോടൊപ്പം അധ്വാനഭാരം വര്‍ധിപ്പിക്കാന്‍ മാനേജുമെന്റുകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് നഷ്ടക്കണക്ക് കാണിച്ചു മാനേജുമെന്റുകള്‍ തന്നെ തീരുമാനത്തില്‍ നിന്നു പിറകോട്ട് പോവുകയാണുണ്ടായത്. അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ പൊറുതുതിമുട്ടി കഴിയുന്ന തൊഴിലാളികളില്‍ പലരും ഇടയ്ക്കു മറ്റു ജോലികള്‍ കൂടി ചെയ്താണ് മുന്നോട്ടു പോവുന്നത്. തോട്ടം മാനേജുമെന്റുകളുടെ ഭീഷണിക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്ന് യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. തോട്ടങ്ങള്‍ പൂട്ടിയിടുമെന്നാണ് മാനേജുമെന്റുകള്‍ ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നത്.
അന്നത്തെ ഒത്തുതീര്‍പ്പ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കെ സര്‍ക്കാരും മാനേജുമെന്റുകളും തല്‍ക്കാലം തട്ടിക്കൂട്ടിയതായിരുന്നുവെന്നാണ് തീരുമാനം വൈകുന്നതിലൂടെ വ്യക്തമാവുന്നതെന്നാണ് ആരോപണം.
അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ രണ്ടാംഘട്ട സമരം തുടങ്ങാനുള്ള തീരുമാനത്തിലാണ് പുല്ലങ്കോടിലെ തൊഴിലാളി യൂനിയനുകള്‍.
Next Story

RELATED STORIES

Share it