തൊഴിലാളി ക്ഷേമം: സര്‍ക്കാര്‍ കര്‍മപദ്ധതിക്ക് രൂപം നല്‍കുന്നു

കൊച്ചി: സംസ്ഥാനത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് നയപ്രഖ്യാപനത്തിലുള്ള ആവാസ് ഉള്‍പ്പടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് കര്‍മപദ്ധതിക്കു രൂപം നല്‍കിവരുകയാണെന്ന് തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്. പെരുമ്പാവൂര്‍ മേഖലയില്‍ പ്ലൈവുഡ് കമ്പനികളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും നടത്തിയ പരിശോധനയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരുടെ കൃത്യമായ കണക്ക് നമ്മുടെ പക്കലില്ല. 22-25 ലക്ഷം പേര്‍ ഇവിടെ പണിയെടുക്കുന്നുവെന്നാണ് ഏകദേശകണക്ക്. ഇത് കൃത്യമായി കണക്കാക്കുകയാണ് ആദ്യലക്ഷ്യം. ഇന്‍ഷുറന്‍സുമായി ബന്ധിപ്പിച്ചുള്ള ഇ-കാര്‍ഡ് സംവിധാനം നടപ്പാക്കാന്‍ കുറച്ചു സമയമെടുക്കും. പേരും വിലാസവുമുള്ള ഒരു തിരിച്ചറിയല്‍ കാര്‍ഡിന് അധികം സമയം വേണ്ട. ഇത്തരത്തില്‍ രണ്ടോ മൂന്നോ കാര്‍ഡ് പലരുടെയും പക്കല്‍ ഇപ്പോള്‍ തെന്നയുണ്ടാവാം. കാര്‍ഡില്‍ രക്തഗ്രൂപ്പ്, ഇന്‍ഷുറന്‍സ് തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കുറ്റമറ്റ സംവിധാനമാണ് വിഭാവന ചെയ്യുന്നത്.
നിയമസഭയിലും മാധ്യമങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചു വന്ന അഭിപ്രായങ്ങളുടെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തൊഴിലാളികളുടെ ജീവിത സാഹചര്യം, തൊഴിലിടങ്ങളിലെ സാഹചര്യം എന്നിവ സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണ്. നിശ്ചയമായും കുറേക്കൂടി മെച്ചപ്പെട്ട സൗകര്യം അവര്‍ക്കു ചെയ്തുകൊടുക്കേണ്ടതുണ്ടെന്നും ടോം ജോസ് പറഞ്ഞു.
Next Story

RELATED STORIES

Share it