malappuram local

തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്ന സംഭവം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും

തിരൂര്‍: തിരൂരില്‍ തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ തെളിവെടുപ്പിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങും. അതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. നഗരത്തെ നടുക്കിയ ദാരുണസംഭവത്തില്‍ മനോരോഗിയായ ഇതര സംസ്ഥാനക്കാരന്‍ ബീഹാറിലെ പിട്ടോളി ബസാര്‍ ചപ്ര സ്വദേശി ശ്രീകൃഷ്ണ സിങിന്റെ മകന്‍ സുഭാഷ് സിങ്ങാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മല്‍സ്യമാര്‍ക്കറ്റിലെ കയറ്റിറക്കു തൊഴിലാളി നിറമരുതൂര്‍ കാളാട് പത്തംപാട് ചുക്കാന്‍ പറമ്പില്‍ സെയ്തലവിയെ പ്രതി തലയ്ക്ക് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കഴിഞ്ഞ ഒരു മാസക്കാലമായി സുഭാഷ് സിങ് കല്ലുമായി തിരൂരില്‍ നടക്കുന്നത് കാണാറുണ്ടെന്നും പലപ്പോഴും അക്രമാസക്തമാകാറുണ്ടെന്നും പരാതിയുണ്ട്. എന്നാല്‍ പോലിസിന് രേഖാമൂലം ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചിരുന്നില്ല. സംഭവം പോലിസിലെ രഹസ്യന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിലും പെട്ടില്ല. അതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും കഴിഞ്ഞില്ല. പ്രതി നേരത്തെ സമാനരീതിയില്‍ ഏആര്‍ നഗറിലും കല്‍പകഞ്ചേരിയിലുമായി രണ്ടുപേരെ കല്ലുകൊണ്ട് പരിക്കേല്‍പ്പിച്ചിരുന്നു. ഏആര്‍ നഗറില്‍ കല്ലുകൊണ്ടെറിഞ്ഞ് ഒരാളുടെ തലയ്ക്കു പരിക്കേറ്റിരുന്നു. സംഭവത്തില്‍ പോലിസില്‍ പരാതിയുണ്ടായിരുന്നു. അതും നേരത്തെ തിരൂര്‍ പോലിസിന് കണ്ടെത്താനായില്ല.
പ്രതിയെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തു വന്നത്. തിരൂര്‍ നഗരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഒട്ടേറെ മേഖലകളുണ്ട്. അവിടെയെല്ലാം സാമൂഹിക വിരുദ്ധരുടെ വിളയാട്ട ഭൂമിയാണ്. കഞ്ചാവ് വില്‍പനക്കാരുടേയും ഭിന്നലിംഗക്കാരുള്‍പ്പടെയുള്ള ലൈംഗിക തൊഴിലാളികളുടെയും വിഹാരകേന്ദ്രങ്ങളാണവിടം. പുതിയ സാഹചര്യത്തില്‍ തിരൂരില്‍ രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. മൂന്നു പോലിസുകാരെ സ്ഥിരം നൈറ്റ് ബീറ്റിന് നിയോഗിച്ചു കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ്് തിരൂരില്‍ മൂന്നു വയസുകാരിയായ പിഞ്ചു ബാലികയെ ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുറച്ചു കാലം പട്രോളിങ് ശക്തമാക്കുകയും പോലിസ് ജാഗ്രത പാലിക്കുകയും ചെയ്തിരുന്നു. അതില്‍ അയവു വന്നതോടെയാണ് നഗരം വീണ്ടും സാമൂഹിക വിരുദ്ധരുടെ പിടിയിലമര്‍ന്നത്.

Next Story

RELATED STORIES

Share it