തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്ന സംഭവം: ഇതര സംസ്ഥാനക്കാരന്‍ അറസ്റ്റില്‍

തിരൂര്‍: തിരൂരില്‍ തൊഴിലാളിയെ തലയ്ക്കടിച്ചുകൊന്ന കേസില്‍ മാനസികാസ്വാസ്ഥ്യമുള്ള ഇതര സംസ്ഥാനക്കാരന്‍ അറസ്റ്റില്‍. മല്‍സ്യ മാര്‍ക്കറ്റിലെ കയറ്റിറക്കു തൊഴിലാളി നിറമരുതൂര്‍ കാളാട് പത്തംപാട് ചുക്കാന്‍പറമ്പില്‍ സെയ്തലവിയെ തലയ്ക്ക് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബിഹാറിലെ പിട്ടോളി ബസാര്‍ ചപ്ര സ്വദേശി ശ്രീകൃഷ്ണ സിങിന്റെ മകന്‍ സുഭാഷ് സിങ് (35) ആണ് അറസ്റ്റിലായത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. തെളിവെടുപ്പിനായി പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും. പ്രതി ബേജ്പുരി ഭാഷയില്‍ മാത്രമാണ് സംസാരിക്കുന്നത്. അതിനാല്‍ ചെമ്മാട് സ്വദേശിയായ ദ്വിഭാഷിയെ കൊണ്ടുവന്നാണ് പോലിസ് ഇയാളില്‍ നിന്നു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയത്. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടതാണെന്നും സൂചനയുണ്ട്.
കൃത്യം നടക്കുന്നതിന്റെ തലേന്ന് മാര്‍ക്കറ്റില്‍ രാത്രി കിടന്നുറങ്ങുന്നതിനെച്ചൊല്ലി കൊല്ലപ്പെട്ട സെയ്തലവിയുമായി ഇയാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിന്റെ പകയിലാണ് കൊലയെന്നാണ് കരുതുന്നത്. പ്രതി നേരത്തേ സമാന രീതിയില്‍ എആര്‍ നഗറിലും കല്‍പകഞ്ചേരിയിലുമായി രണ്ടു പേരെ കല്ലുകൊണ്ട് പരിക്കേല്‍പിച്ചിരുന്നു. എആര്‍ നഗറില്‍ കല്ലുകൊണ്ടെറിഞ്ഞ് ഒരാളുടെ തലയ്ക്കു പരിക്കേല്‍പിച്ചിരുന്നു. ഇതു സംബന്ധമായി പോലിസില്‍ പരാതിയുമുണ്ട്. കഴിഞ്ഞ ഒരു മാസക്കാലമായി ഇയാളെ തിരൂരില്‍ കാണാറുണ്ടെന്നും പലപ്പോഴും അക്രമാസക്തനാകാറുണ്ടെന്നുമാണ് വിവരം. ചിലപ്പോള്‍ അക്രമസ്വഭാവിയായും ചിലപ്പോള്‍ ശാന്തനായും കാണപ്പെട്ട പ്രതി സ്റ്റേഷനില്‍ ശാന്തനായാണ് പെരുമാറുന്നതെന്ന് എസ്‌ഐ സുഭാഷ് സുധാകര്‍ പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയില്‍ കിടന്നുറങ്ങുന്നതിനിടെ വലിയ കല്ല് തലയ്ക്കിട്ടതിനെ തുടര്‍ന്നാണ് സൈതലവി മരിക്കാനിടയായത്. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം. കവിളിലും ചെവിക്കുറ്റിയിലും തലയിലുമായി മൂന്ന് ഇടിയേറ്റിട്ടുണ്ട്.




Next Story

RELATED STORIES

Share it