Idukki local

തൊഴിലാളികള്‍ സമരം പിന്‍വലിച്ചു; ശമ്പളം 17ന് നല്‍കും

വണ്ടിപ്പെരിയാര്‍: സ്വകാര്യ തേയിലതോട്ടത്തിലെ തൊഴിലാളികള്‍ നടത്തിയ സമരം പിന്‍വലിച്ചു. ഈ മാസം 17ന് രണ്ട് മാസത്തെ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയിലാണ് സമരത്തില്‍ നിന്നും തൊഴിലാളില്‍ പിന്‍മാറിയത് ട്രേഡ് യൂനിയന്‍ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ച് തൊഴിലാളികള്‍ പണിക്ക് ഇറങ്ങിയത്.
വണ്ടിപ്പെരിയാര്‍ എംഎംജെ എസ്‌റ്റേറ്റിലെ തൊഴിലാളികളാണ് മൂന്നുമാസത്തെ ശമ്പള കുടിശിക ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മുതല്‍ പണിയ്ക്ക് ഇറങ്ങാതെ പ്രതിഷേധ സൂചകമായി മാനേജരെ തടഞ്ഞുവച്ചത്. എംഎംജെ എസ്‌റ്റേറ്റില്‍ അയ്യപ്പന്‍കോവില്‍, ചുരക്കുളം അപ്പര്‍, ചുരക്കുളം ലോവര്‍, എന്നിങ്ങനെ മൂന്നു ഡിവിഷനുകളിലായി ഇരുന്നൂറ്റി അമ്പതോളം തൊഴിലാളികളാണ് ഉള്ളത്.
തോട്ടത്തില്‍ പണിചെയ്യുന്ന തൊഴിലാളികള്‍ക്ക് മൂന്നുമാസമായി  ശമ്പളവും കൃത്യമായി ലഭിക്കുന്നില്ല എന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ മൂന്നാം തിയ്യതി ശമ്പളം നല്‍കാമെന്ന് കമ്പനി അധികൃതര്‍ തൊഴിലാളികളോട് പറഞ്ഞെങ്കിലും നല്‍കിയില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. ആഴ്ചയില്‍ നല്‍കുന്ന ചെലവുകാശ് മാത്രമാണു നല്‍കുന്നത്. നിരവധി തവണ മാനേജ്‌മെന്റുമായി ട്രേഡ് യൂനിയനുകള്‍ ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായി ഒരു നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരവുമായി രംഗത്ത് ഇറങ്ങിയത്.
അടുത്ത ദിവസങ്ങളില്‍ രണ്ട് മാസത്തെ ശമ്പളമെങ്കിലും തല്‍ക്കാലം നല്‍കണമെന്നാണ് തൊഴിലാളികള്‍ മാനേജ്‌മെന്റ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇതുപോലും നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം ചെയ്യാനുണ്ടായ കാരണം. തേയിലയുടെ ഉല്പാദനം കുറഞ്ഞത് കമ്പനിയുടെ വരുമാനത്തില്‍ ഉണ്ടായ കുറവുമൂലമാണ് ശമ്പളം നല്‍കാത്തതെന്നുമാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.
മൂന്നു ഡിവിഷനുകളിലെ മുഴുവന്‍ തൊഴിലാളികളും സമരത്തിനിറങ്ങിയതോടെ എസ്‌റ്റേറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ട്രേഡ് യൂനിയന്‍ നേതാക്കന്‍മാരും മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഈ മാസം 17ന് രണ്ട് മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് സമരം പിന്‍വലിച്ച് തൊഴിലാളികള്‍ പണിക്ക് ഇറങ്ങാന്‍ തയ്യാറായത്.
Next Story

RELATED STORIES

Share it