Alappuzha local

തൊഴിലാളികള്‍ ജാതിമുതലാളിത്തത്തിന് ഇരകളാവുന്നു: തുളസീധരന്‍ പള്ളിക്കല്‍

മാന്നാര്‍: ഇന്ത്യയിലെ തൊഴിലാളികള്‍ ജാതി മുതലാളിത്തത്തിന് ഇരകളായിക്കൊണ്ടിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. എസ്ഡിടിയു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാന്നാറില്‍ സംഘടിപ്പിച്ച മെയ്ദിന റാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ ഈ രാജ്യത്ത് അധസ്ഥിതനായത് കൊണ്ടും, പിന്നോക്കക്കാരനായത് കൊണ്ടും, കീഴാളനായത് കൊണ്ടും അവര്‍ എക്കാലവും തൊഴിലാളി ആയി നിലനിന്നാല്‍ മതി എന്ന രീതിയില്‍ ഇന്ത്യാ രാജ്യത്ത് വലിയ തോതിലുള്ള കോര്‍പറേറ്റ് വല്‍ക്കരണവും ബ്രാഹ്മണ്യ വല്‍ക്കരണവും നടന്നുകൊണ്ടിരിക്കുന്നു.
ഇന്ത്യയില്‍ 52 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് ഇന്ന് ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങേണ്ട ദാരുണമായ അവസ്ഥാ വിശേഷവും ഉണ്ടായിരിക്കുന്നു. പുന്നപ്രയും, വയലാറും, നീണ്ടൂരും, കരിവള്ളൂരും, ഒഞ്ചിയവും, മൊറാഴയും ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചു കൊണ്ട് രാജ്യത്തെ അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തെ രക്തസാക്ഷികളാക്കിയ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉപ്പ് വച്ച കലം പോലെ അവരുടെ അവസാനത്തെ മുഖ്യമന്ത്രി ഭരിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാന്നാര്‍ പന്നായി കടവില്‍ നിന്നും  ആരംഭിച്ച നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മെയ്ദിന റാലി  ഗ്രാമപ്പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ പരിസരത്ത് സമാപിച്ചു.
പൊതുസമ്മേളനം എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് നാസര്‍ പുറക്കാട് അധ്യക്ഷത വഹിച്ചു.അഷ്‌റഫ് ചുങ്കപ്പാറ, നജീബ് മുല്ലാത്ത്, ഷാനവാസ് മാന്നാര്‍, അന്‍സാരി ഏനാത്ത്, റിയാസ്, നവാസ് കായംകുളം, മധു ശ്രീധര്‍, സിറാജ് കൊല്ലകടവ് സംസാരിച്ചു.
Next Story

RELATED STORIES

Share it