തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കും: മന്ത്രി



തിരുവനന്തപുരം: അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോര്‍ഡില്‍ അംഗത്വമെടുക്കുന്നവര്‍ക്കുള്ള വിവിധ ക്ഷേമ പദ്ധതികളെ സംബന്ധിച്ച് ഇന്നലെ എക്‌സൈസ് മന്ത്രി ടി  ——കെ ——രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. 2016 ഫെബ്രുവരി മുതലുള്ള കുടിശ്ശിക തുക അടയ്ക്കാനുള്ള കാലാവധി 2018 മാര്‍ച്ച് 31 ആയി നിശ്ചയിച്ചു.അംഗങ്ങളില്‍ നിന്നു പുതുക്കിയ നിരക്കിലുള്ള അംശദായം ബാങ്ക് മുഖേന സ്വീകരിക്കും. ഇതിനായി സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങും. അംഗങ്ങളായവര്‍ 50 രൂപയാണ് അംശദായം അടയ്‌ക്കേണ്ടത്. തൊഴിലുടമയില്ലാത്തവര്‍ക്കു തൊഴിലുടമാ വിഹിതവും ചേര്‍ത്ത് 100 രൂപ അടയ്ക്കണം. റിട്ടയര്‍മെന്റ് ആനുകൂല്യം, പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, ചികില്‍സാ ധനസഹായം, മരണാനന്തര സഹായം, അപകട മരണ ധനസഹായം, ശവസംസ്‌കാര ചെലവിനുള്ള ധനസഹായം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ആനുകൂല്യം,  വീട് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള വായ്പാ ധനസഹായം, സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നീ ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനമായി. ജില്ലാ ഓഫിസുകളില്‍ അധിക ജീവനക്കാരെ നിയമിക്കുന്നതിനു വേണമെങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശം സമര്‍പ്പിക്കാനും അതുവരെ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുന്നതിനും തീരുമാനമായി. അംഗം മരണപ്പെട്ടാല്‍ സ്വാഭാവിക മരണമാണെങ്കില്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും അപകട മരണമാണെങ്കില്‍ രണ്ടു ലക്ഷം രൂപയും അംഗത്തിന്റെ മരണാനന്തര കര്‍മങ്ങള്‍ക്ക് 5000 രൂപയും ധനസഹായം ലഭ്യമാക്കും.——തൊഴിലാളികള്‍ക്കു മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുകയാണു സര്‍ക്കാര്‍ നയമെന്ന് മന്ത്രി പറഞ്ഞു. ബോര്‍ഡ് അംഗങ്ങളായ ഇ ——ടി  ——ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, മുന്‍ എംപി സി എസ് —സുജാത, തൊഴില്‍ നൈപുണ്യ അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മീഷണര്‍ കെ —ബിജു ബാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it